ലഹരി വ്യാപനം:സർക്കാർ നോക്കുകുത്തിയാകുന്നു: എൻ ഡി അപ്പച്ചൻ
മുട്ടിൽ: കേരളം മുഴുവൻ വിവിധയിനം ലഹരികളുടെ വിഹാര കേന്ദ്രങ്ങൾ ആകുമ്പോൾ സർക്കാർ നോക്കുകുത്തിയാവുന്നു എന്ന് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു.ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുടെയും, ലഹരി പ്രതിരോധ യത്നത്തിന്റെയും ഭാഗമായി ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിലിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തിന് മുൻപിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ യജ്ഞത്തിന്റെയും, ലഹരി വിരുദ്ധ പ്രതീജ്ഞയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിൽ വിദ്യാർത്ഥികളും യുവാക്കളും വിവിധയിനം രാസലഹരികൾക്ക് അടിമപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഒട്ടനവധി കുടുംബ ജീവിതങ്ങൾ ലഹരി ഉപഭോഗം മൂലം താറുമാറാവുകയാണ്. ലഹരി ഉപയോഗം മൂലം സമചിത്തത നഷ്ടപ്പെട്ട മക്കൾ അച്ഛനമ്മമാരെ കൊല ചെയ്യുന്ന സാമൂഹിക അന്തരീക്ഷം നിലനിൽക്കുന്നു. വിദ്യാർത്ഥികൾ പരസ്പരം വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതിരോധിക്കേണ്ട സർക്കാർ മൗനം പാലിക്കുന്നു. ലഹരി ഒരു യാഥാർത്ഥ്യമാണ് എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കേരള ജനതയെ കൊഞ്ഞനം കുത്തി കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ജിനി തോമസ്,, അരുൺ ദേവ്,ശ്രീദേവി ബാബു, മോഹൻദാസ് കോട്ടക്കൊല്ലി, പി എൻ ശിവൻ, കെഎം ഷിനോജ്, ഏലിയാമ്മ മാത്തുക്കുട്ടി, ഒ ഭാസ്കരൻ,ഹർഷൽ കോനാടൻ, കെ യു മാനു, മുത്തലിബ് പഞ്ചാര, സുഹൈൽ, കെ അജിത,ആയിഷ പള്ളിയാല് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply