April 30, 2026

സ്നേഹവും സാഹോദര്യവും ഒരുരുളിലും ഒലിച്ചുപോവില്ല; സഹപ്രവര്‍ത്തകര്‍ക്ക് കേരളാ പോലീസിന്റെ സ്നേഹതണലൊരുങ്ങി

0
site-psd-236
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായ സഹപ്രവര്‍ത്തകര്‍ക്ക് കേരളാ പോലീസിന്റെ സ്നേഹതണലൊരുങ്ങി. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്ന് ഒരാണ്ട് തികയും മുമ്പേ പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളിലേക്ക് അവര്‍ പ്രവേശിച്ചു. മുണ്ടക്കൈ, ചൂരല്‍മല സ്വദേശികളായ കല്‍പ്പറ്റ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ്, ബിന്‍സിയ നസ്റിന്‍, കേണിച്ചിറ സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഓ ശിഹാബുദ്ധീന്‍ എന്നിവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്.

മീനങ്ങാടി പാലക്കമൂലയില്‍ ഇരുപത്തിയേഴര സെന്റ് സ്ഥലത്താണ് 1300 സ്‌ക്വയര്‍ ഫീറ്റുള്ള മനോഹരമായ മൂന്ന് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. കേരള പൊലിസ് ഹൗസിങ് സഹകരണ സംഘമാണ് 45 ലക്ഷം രൂപ മുടക്കി പാലക്കമൂലയില്‍ സ്ഥലം വാങ്ങി നല്‍കിയത്. വീട് നിര്‍മാണത്തിന് ആകെ 68 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.

പാലക്കമൂലയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഐ.പി.എസ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി. സാഹോദര്യത്തിന്റെ ശക്തിയാണ് വെളിവായതെന്നും, സഹപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകളില്‍ എല്ലാ പോലീസുകാരും കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ. സുധീര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ്, വയനാട് ജില്ലാ പോലിസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായര്‍, കെ.പി.എച്ച്.സി.എസ് വൈസ് പ്രസിഡന്റ് കെ.പി പ്രവീണ്‍, എസ്.ആര്‍. ഷിനോദാസ്, ജി.പി. അജിത്ത്, സഞ്ജു വി. കൃഷ്ണന്‍, കെ.എം. ശശിധരന്‍, പി.സി. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിന്‍ സണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഇ.വി. പ്രദീപന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *