May 5, 2026

ഉമ്മൻചാണ്ടി രാഷ്ട്രീയ മാന്യത കാത്തുസൂക്ഷിച്ച മഹദ് വ്യക്തിത്വം: അഡ്വ. ടി സിദ്ദിഖ് എം.എൽ.എ

0
IMG_20250717_205442
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാഷ്ട്രീയ പ്രവർത്തകരുടെ മാന്യത സമൂഹത്തിൽ നിലനിർത്തിയ മഹാ വ്യക്തിത്വമായിരുന്നു എന്ന് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പൊതുപ്രവർത്തകർ വിനയവും സത്യസന്ധതയും സഹജീവി സ്‌നേഹവുമുള്ളവരായിരിക്കണം എന്ന തത്വങ്ങൾ സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് സിദ്ദിഖ് എം.എൽ.എ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം പൊതുസമൂഹത്തിന് പൊതുപ്രവർത്തകരിലുള്ള വിശ്വാസം വർധിപ്പിക്കാൻ സഹായിച്ചെന്നും എം.എൽ.എ പറഞ്ഞു.

 

ഒരു സംഭവം അനുസ്മരിച്ചുകൊണ്ട് സിദ്ദിഖ് എം.എൽ.എ ഇങ്ങനെ പറഞ്ഞു: “മുഖ്യമന്ത്രിയായിരിക്കുമ്പോൾ കണ്ണൂരിൽ കാറിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിനൊപ്പം ഞാനും ഉണ്ടായിരുന്നു. കല്ലേറ് കൊള്ളുകയും പരിക്കേൽക്കുകയും ചെയ്യുമ്പോഴും ജനങ്ങളുടെ പരാതികൾ വായിച്ച് അപേക്ഷകൾ കുറിക്കുകയായിരുന്നു ഉമ്മൻചാണ്ടി. അന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ സി.ഒ.ടി. നസീറിനെ ചിരിയോടെയും പരിഭവങ്ങളില്ലാതെയും സ്വീകരിച്ച അദ്ദേഹത്തിന്റെ നടപടി ജനാധിപത്യ ഇന്ത്യയിലെ അത്യപൂർവ വിസ്മയമാണ്.” കല്ലെറിഞ്ഞവരോട് ക്ഷമിക്കാനും രാഷ്ട്രീയത്തിൽ പകയല്ല, സ്നേഹവും ആർദ്രതയുമാണ് വേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വികസനം നടന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി തുടങ്ങിയ എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഉമ്മൻചാണ്ടിയാണ്. ഒരു ഭരണാധികാരി കെട്ടിടത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ ദുരിതങ്ങളറിയുമ്പോഴാണ് തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതെന്ന് ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻചാണ്ടി കേരളത്തിലെ പൊതുസമൂഹത്തിന് കാണിച്ചുകൊടുത്തതായും സിദ്ദിഖ് എം.എൽ.എ ഓർമ്മിപ്പിച്ചു.

 

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷനായിരുന്നു. ബി. സുരേഷ് ബാബു, ടി. ഉഷാകുമാരി, മായ പ്രദീപ്, താരീഖ് കടവൻ, ഒ. ഭാസ്കരൻ, എൻ.കെ. ജ്യോതിഷ് കുമാർ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.ടി. നിസാം, വർഗീസ് നെന്മേനി, കെ.കെ. രാജേന്ദ്രൻ, സി.എ. ഗോപി, കെ.വി. ഷിനോജ്, കെ. അജിത, ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്, പി.എൻ. ശിവൻ, ജിനി തോമസ്, ജയമുരളി, സി.എ. അരുൺദേവ്, ഹർഷൽ കോന്നാടൻ, എസ്. മണി, കെ.യു. മാനു, ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *