ഉടമയുടെ അനുമിതിയില്ലാതെ മരം മുറിച്ച് കടത്താൻ ശ്രമം; നാല് പേർ പിടിയിൽ
കൽപ്പറ്റ: ഉടമസ്ഥരുടെ അനുമിതിയില്ലാതെ വീട്ടിമരം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ റീസര്‍വേ നമ്പര്‍ 644/62ല്‍ പെട്ട 27 സെന്റ് സ്ഥലത്ത് നിന്നിരുന്ന, സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത ഉണങ്ങിയ വീട്ടിമരമാണ് സംഘം മുറിച്ചുകടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
സ്ഥലത്തുനിന്ന് മരം മുറിക്കുന്ന ശബ്ദം കേട്ട് സമീപവാസികള്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് വാര്‍ഡ് മെമ്പര്‍ സാജിതയെ ഉടന്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി മരംമുറി തടഞ്ഞു. നാട്ടുകാർ സ്ഥലത്തെത്തിയതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ മീനങ്ങാടി പോലീസ് സംഭവ സ്ഥലത്തുനിന്നു രണ്ട് പേരെയും, ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. സ്ഥല ഉടമയായ സഫിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തന്റെ അറിവോ അനുമതിയോ കൂടാതെയാണ് സംഘം മരം മുറിച്ചതെന്ന് സഫിയ പരാതിയില്‍ പറയുന്നത്. മുട്ടിൽ സ്വദേശിയായ അസ്രത്തിന്റെ നിർദ്ദേശപ്രകാരം കൈനാട്ടി സ്വദേശിയായ റിജിനേഷ്, മുട്ടിൽ സ്വദേശിയായ റസാഖ്, പുളിയാർമല സ്വദേശിയായ രാജേഷ് എന്നിവർ ചേർന്നാണ് മരം മുറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
മീനങ്ങാടി എസ്.ഐ. കെ.എം. സന്തോഷ് മോന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. വിപിന്‍ ബാല്‍, രതീഷ്, സി.പി.ഒ. നൗഫല്‍ മുഹമ്മദ് സൈദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.





Leave a Reply