May 1, 2026

പിതൃസ്മരണയിൽ തിരുനെല്ലിയിൽ ബലിതർപ്പണം; ആയിരങ്ങൾ പങ്കെടുത്തു

0
IMG_20250724_101624
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: ബ്രഹ്മവിഷ്ണു മഹേശ്വര സംഗമത്താൽ പവിത്രമായ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. പുലർച്ചെയോടെ ആരംഭിച്ച ചടങ്ങുകളിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്.

 

ഇന്നലെ രാത്രിമുതൽ തന്നെ ക്ഷേത്രത്തിൽ തമ്പടിച്ച ഭക്തർ പുലർച്ചെയോടെ ബലിതർപ്പണങ്ങൾ നടത്തി. പത്തോളം മുഖ്യകാർമ്മികരുടെ നേതൃത്വത്തിലാണ് ഇത്തവണ ചടങ്ങുകൾ പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ ബലിതർപ്പണ ചടങ്ങുകൾ തുടരും.

 

പിതൃസ്മരണയിൽ ബലിതർപ്പണത്തിനായി ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് തിരുനെല്ലിയിലെത്തിയിട്ടുള്ളത്. ബലിതർപ്പണത്തിനെത്തുന്നവർക്കായി വിവിധ വകുപ്പുകളുടെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നുമണി മുതൽ ഇവിടെ ബലിതർപ്പണത്തിന് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഒരേസമയം 300 പേർക്ക് 10 കാർമ്മികരുടെ നേതൃത്വത്തിൽ തർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

 

ഗതാഗത ക്രമീകരണങ്ങളിലെ പ്രത്യേകതകൾ

 

തിരുനെല്ലിയെ സംബന്ധിച്ച് ഇത്തവണത്തെ ഒരു പ്രധാന പ്രത്യേകത വാഹനങ്ങളുടെ ക്രമീകരണങ്ങൾ തന്നെയാണ്. സാധാരണയായി കാട്ടിക്കുളത്ത് വാഹനം പാർക്ക് ചെയ്ത് അവിടെ നിന്ന് കെഎസ്ആർടിസി സർവീസ് നടത്താറാണ് പതിവ്. എന്നാൽ ഇത്തവണ സ്വകാര്യ വാഹനങ്ങൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

റോഡ് സൗകര്യങ്ങളും കുറെക്കൂടി വികസിപ്പിച്ചിട്ടുണ്ട്. നിട്ടറപ്പാലം ഉദ്ഘാടനം ചെയ്തതോടെ ഗതാഗത സംവിധാനങ്ങൾ വലിയ രീതിയിൽ മെച്ചപ്പെട്ടു. ഇത് ഭക്തർക്ക് വേഗത്തിൽ ഇവിടെ എത്താനും കർമ്മം നടത്താനും സഹായകമാകും.

 

പോലീസും വളണ്ടിയർമാരും ഉൾപ്പെടെയുള്ള വലിയ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും തിരുനെല്ലിയിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ഒരുക്കിയിട്ടുണ്ട്. സാധാരണയായി 10,000 മുതൽ 20,000 വരെ ആളുകൾ ബലിതർപ്പണത്തിന് ഇവിടെ എത്താറുണ്ട്.

 

ഇത്തവണ ഭക്തർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ ക്ഷേത്രത്തിൽ എത്താം. ക്ഷേത്രത്തിൽ ആളുകളെ ഇറക്കിയതിന് ശേഷം നിട്ടറ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. മാനന്തവാടി ഭാഗത്ത് നിന്ന് തെറ്റ് റോഡ് വഴി വരുന്ന വാഹനങ്ങൾ നിട്ടറ പാലം പനവല്ലി വഴി മാനന്തവാടി ഭാഗത്തേക്ക് പോകണം. തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *