ഡോ . മൂപ്പൻസ് ലെഗസി സ്കോളർഷിപ്പും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ അക്കാദമിക മികവുള്ളതുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ട്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മനുഷ്യസ്‌നേഹിയുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ‘ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ്’ എന്ന പേരിൽ ഒരു വാർഷിക സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പായി നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഇതോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാറി.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന മിടുക്കരായ 25 വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക. ഓരോ വർഷവും 5 എംബിബിഎസ്, 10 ബി.എസ്‌സി നഴ്‌സിംഗ്, 10 ബി.ഫാം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കേരളത്തിലെ ആദ്യത്തെ 100% ട്യൂഷൻ ഫീ സ്കോളർഷിപ്പ്
കേരളത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർത്ഥികൾക്ക് 100% ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമായാണ്. കഴിവുള്ളതും അർഹരുമായ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള മെഡിസിൻ പഠനത്തിനുള്ള അവസരം തുറന്നുനൽകുന്നതിൽ ഈ നീക്കം നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി പ്രതിവർഷം 3 കോടിയിലധികം രൂപയാണ് ഡോ. ആസാദ് മൂപ്പൻ നീക്കിവെക്കുന്നത്.
സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ
എംബിബിഎസ് സ്കോളർഷിപ്പുകൾക്കുള്ള തിരഞ്ഞെടുപ്പ് പൂർണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡുകളും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകളുമുള്ള വിദ്യാർത്ഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. നീറ്റിൽ ഉയർന്ന റാങ്കുള്ള വിദ്യാർത്ഥികൾക്ക് പൊതുവെ പ്രവേശനത്തിൽ മുൻഗണന ലഭിക്കാറുണ്ടെങ്കിലും, അവർക്ക് കൂടുതൽ പിന്തുണയും പരിഗണനയും നൽകാനാണ് ഈ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ബി.എസ്‌സി നഴ്‌സിംഗ്, ബി.ഫാം വിദ്യാർത്ഥികളുടെ അക്കാദമിക് മെറിറ്റിനൊപ്പം സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താകും സ്കോളർഷിപ്പിന് തിരഞ്ഞെടുക്കുക. പഠന കാര്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുകയും സ്കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പിന്തുടരുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ട്യൂഷൻ ഫീസിൽ കോഴ്‌സ് പൂർത്തിയാകുന്നത് വരെ നൂറുശതമാനം ഇളവ് ലഭിക്കും.
വിദ്യാഭ്യാസം സമൂഹത്തിന്റെ അടിസ്ഥാനം: ഡോ. ആസാദ് മൂപ്പൻ
നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. “കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഡോക്ടർമാരോ നഴ്‌സുമാരോ ഫാർമസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടിവന്ന അസംഖ്യം വിദ്യാർത്ഥികളുടെ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. സമൂഹത്തിന്റെ നിലനിൽപ്പിന് അതീവ പ്രാധാന്യമുള്ള ആരോഗ്യരംഗത്ത് തന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് നിർഭാഗ്യകരമാണ്. പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും മെഡിസിൻ പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ആഗ്രഹത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഈ സ്കോളർഷിപ്പ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ് പ്രോഗ്രാമിലൂടെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനവും ലക്ഷ്യമിടുന്നു. നിർധനരായ ജനവിഭാഗങ്ങൾക്ക് ചികിത്സയും പരിചരണവും നൽകാൻ പുതുതലമുറ ഡോക്ടർമാരെയും നഴ്‌സുമാരെയും ഫാർമസിസ്റ്റുകളെയും സൃഷ്ടിച്ചെടുക്കുക എന്നതും ഈ സംരംഭത്തിന്റെ പ്രധാന ഉദ്ദേശ്യമാണ്.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്: ഒരു മികവിന്റെ കേന്ദ്രം
നിർധനർക്കും ഉൾനാടൻ/ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ഡോ. ആസാദ് മൂപ്പന്റെ ജീവിതലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ സ്കോളർഷിപ്പ് പദ്ധതിയും. 2012-ൽ സ്ഥാപിതമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മലയോര, ആദിവാസി, പിന്നാക്ക ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ്. ഈ മേഖലയിൽ ഉന്നത ഗുണനിലവാരമുള്ള ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക സമൂഹങ്ങൾക്ക് മെഡിസിൻ രംഗത്ത് തൊഴിൽ നേടാൻ അവസരം ലഭ്യമാക്കുക എന്നതായിരുന്നു അതിന്റെ ദൗത്യം. ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് & ഫെലോഷിപ്പ്സ് പ്രോഗ്രാം ആ ദൗത്യത്തെ കൂടുതൽ വിശാലമാക്കുകയാണ്.
6 ബാച്ചുകളിലായി 900-ഓളം യുവ ഡോക്ടർമാരെ വളർത്തിയെടുത്ത ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഇന്ത്യയിൽ സ്ഥിരതയാർന്ന മികവും മിടുക്കും പ്രകടിപ്പിക്കുന്ന ഒരു മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബായി മാറിയിട്ടുണ്ട്. പരിചയസമ്പന്നരായ അധ്യാപകർ, ഉയർന്ന നിലവാരമുള്ള ലൈബ്രറി, മ്യൂസിയം, തൃതീയ പരിചരണ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രി എന്നിവയോടുകൂടി ഈ കോളേജ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു മികവിന്റെ കേന്ദ്രമായി മാറി.
അപേക്ഷകൾ ക്ഷണിച്ചു
സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ 2025 ജൂലൈ 28 മുതൽ സ്വീകരിച്ചുതുടങ്ങി. കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാർഗ്ഗനിർദ്ദേശങ്ങൾ അറിയുന്നതിനും www.dmscholarship.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു. ബഷീർ, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.





Leave a Reply