ക്ഷീരമേഖലയില്‍ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം
ക്ഷീരമേഖല ശക്തിപ്പെടുത്താന്‍ സമാനതകളില്ലാതെ നടത്തുന്നഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്.19 വാര്‍ഡുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാല്‍ ശേഖരണ കേന്ദ്രങ്ങളില്‍ നിന്നായി പ്രതിദിനം 17,500 ലിറ്റര്‍ പാലാണ് സംഘം ശേഖരിക്കുന്നത്.
വര്‍ഷം മുഴുവനും പാലിന് പ്രോത്സാഹനവില, സ്വന്തമായി മൃഗാശുപത്രിയും വെറ്ററിനറി ഡോക്ടറുമുള്ള ജില്ലയിലെ ഏക ക്ഷീരസംഘം, കന്നുകാലി മരുന്നുകള്‍ക്കായി വെറ്ററിനറി മെഡിക്കല്‍ ഷോപ്പ്, വിശാലമായ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍,പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത് ഡയറി ലബോറട്ടറി.തുടങ്ങി പാല്‍സംഭരണകേന്ദ്രം വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു.
രോഗനിര്‍ണയ ലാബിന്റെ നിര്‍മ്മാണമാകട്ടെ അന്തിമ ഘട്ടത്തിലാണ്.
പാലിന്റെ ഗുണനിലവാരത്തിന് അംഗീകാരമായി, ജില്ലയിലെയും മലബാര്‍ മേഖലയിലെയും മില്‍മയുടെ ഏറ്റവും മികച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ (ബിഎംസി) പ്രവര്‍ത്തനം നടത്തുന്ന സംഘമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ നല്‍കുന്ന പാലിന്റെ അളവ്, ഗുണനിലവാരം, ലിറ്റര്‍ വില, മൊത്തം തുക എന്നിവ ദിവസേന എസ്എംഎസ് മുഖേന മൊബൈല്‍ ഫോണില്‍ എത്തുന്ന സംവിധാനം സുതാര്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.
പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സംസ്ഥാനത്തെ ആദ്യ ക്ഷീരസംഘങ്ങളില്‍ ഒന്നുകൂടിയാണ് മീനങ്ങാടി.
ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് പാല്‍ ശേഖരണവും ശീതീകരണവും. 15,000 ലിറ്റര്‍ ശേഷിയുള്ള പാല്‍ ശീതീകരണ ടാങ്കും മില്‍ക്ക് സൈലോയുമാണ് സംഘത്തിനുള്ളത്.
20 കിലോവാട്ട് ശേഷിയുള്ള സൗരനിലയവും 20,000 ലിറ്റര്‍ ശേഷിയുള്ള മലിനജല സംസ്‌കരണ കേന്ദ്രവുമുണ്ട്. കൂടാതെ, മീനങ്ങാടി നഗരത്തില്‍ രണ്ട് മില്‍ക്ക് പാര്‍ലറുകളും സംഘം നടത്തുന്നു.
വര്‍ഷം മുഴുവന്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ഓരോ ലിറ്ററിനും 1 രൂപ 30 പൈസ ഇന്‍സെന്റീവ് ലഭ്യമാക്കുന്നത് സംഘത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.ദിവസം 50 ലിറ്ററിലധികം പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ഫാം സപ്പോര്‍ട്ട് എന്ന പേരില്‍ ലിറ്ററിന് 50 പൈസയുടെ അധിക സഹായവുമുണ്ട്.കന്നുകാലി ചികിത്സയ്ക്ക് ചിലവേറി വരുന്ന കാലത്ത് പ്രതിമാസം 2500 രൂപ വരെ പശുക്കളുടെ ചികിത്സാ സഹായമായി അനുവദിക്കുന്നുണ്ട്. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 15 മുതല്‍ 20 ശതമാനം വരെ സബ്സിഡി നിരക്കില്‍ മരുന്നുകള്‍ കര്‍ഷകര്‍ക്ക് ലഭിക്കും.
പലിശരഹിത വായ്പ, സബ്സിഡിയോടെ പച്ചപ്പുല്ല്, ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, വിദ്യാഭ്യാസ ധനസഹായം, അവാര്‍ഡുകള്‍, വാര്‍ഷിക ബോണസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയെല്ലാമാണ് പാലുല്‍പ്പാദനരംഗത്ത് മീനങ്ങാടിയുടെ മികവ് ദേശീയ തലത്തില്‍ വരെ അടയാളപ്പെടുത്തിയത്.പി പി ജയന്‍ പ്രസിഡണ്ടും കെ ബി മാത്യു സെക്രട്ടറിയുമായ ഒമ്പതംഗ ഭരണസമിതിയാണ് മീനങ്ങാടി ക്ഷീര സംഘം നടത്തുന്ന കുതിപ്പിന്റെ ചാലകശക്തി.




Leave a Reply