പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു: കുട്ടികൾ ഹാപ്പി, എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും സൂപ്പർ ഹിറ്റ്
കൽപ്പറ്റ: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വരുത്തിയ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മെനുവിൽ കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഏറെ സന്തോഷത്തിലാണ്. വിഭവസമൃദ്ധവും പോഷകസമ്പന്നവുമായ വിഭവങ്ങളാണ് പുതിയ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ മെനു അനുസരിച്ച്, സ്കൂളിൽ ദിവസവും മൂന്ന് തരം കറികളും ഉപ്പേരിയും നൽകുന്നുണ്ട്. ഇതിനുപുറമെ ആഴ്ചയിൽ ഒരു ദിവസം തേങ്ങാച്ചോറ്, ഫ്രൈഡ് റൈസ്, തക്കാളി ചോറ് എന്നിവയും വിതരണം ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾക്ക് തിളപ്പിച്ച പാൽ നൽകും. ഉച്ചഭക്ഷണത്തിന് സാമ്പാർ, ബീറ്റ്റൂട്ട് ഉപ്പേരി, എരിശ്ശേരി എന്നിവയാണ്.
ചൊവ്വാഴ്ച തേങ്ങാച്ചോറും പുതിന ചമ്മന്തിയും പച്ചടിയും.
ബുധനാഴ്ച രാവിലെ തിളപ്പിച്ച പാലും ഉച്ചയ്ക്ക് ചോറും വൻപയർ- ചേനക്കറിയും കാബേജ് തോരനും അവിയലും.
വ്യാഴാഴ്ച കുട്ടികളുടെ ഇഷ്ട വിഭവമായ മുട്ട ഫ്രൈഡ് റൈസും ചമ്മന്തിയും കിച്ചടിയും ഉള്ളി കിഴങ്ങ് മസാല വരട്ടിയതും.
വെള്ളിയാഴ്ച തക്കാളി ചോറും കൂട്ടുകറിയും മുട്ടറോസ്റ്റ് അല്ലെങ്കിൽ അവിയലും വൻപയറും മത്തൻ കറിയും.
പുതിയ മെനുവിൽ കുട്ടികൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറുമാണ് കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളെന്ന് ഒരു അധ്യാപിക വ്യക്തമാക്കി.
ജില്ലയിലെ 289 സ്കൂളുകളിലായി പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 79,158 കുട്ടികൾക്കാണ് പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു പുഴുങ്ങിയ മുട്ടയും രണ്ട് തവണ 150 മില്ലിലിറ്റർ തിളപ്പിച്ച പാലും നൽകുന്നുണ്ട്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് പകരം നേന്ത്രപ്പഴം നൽകും. കുടിവെള്ളമായി വാട്ടർ പ്യൂരിഫയറിലെ വെള്ളമോ കഞ്ഞിവെള്ളമോ ചൂടുവെള്ളമോ ആണ് നൽകുന്നത്.





Leave a Reply