ബന്ദിപ്പൂർ വനമേഖലയിലെ പഴം–പച്ചക്കറി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം: വ്യാപാര മേഖലയിൽ ആശങ്ക
ബത്തേരി: ബന്ദിപ്പൂർ വനമേഖലയിലെ പഴം-പച്ചക്കറി വാഹന ഗതാഗതത്തിന് കർണാടക വനംവകുപ്പ് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈകുന്നേരം 6 മണി മുതൽ പഴം-പച്ചക്കറി വാഹനങ്ങൾ വനപാതയിലൂടെ കടത്തിവിടുന്നത് നിരോധിക്കണമെന്നാണ് ആവശ്യം. നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ പാതയിൽ ഗതാഗത നിയന്ത്രണമുള്ളത്.
ഈ നീക്കം നടപ്പാക്കിയാൽ മലബാറിലേക്കുള്ള പച്ചക്കറി, പഴം നീക്കത്തെ അത് ഗുരുതരമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. ദേശീയപാത 766-ൽ കർണാടകയിലെ മദൂർ മുതൽ കേരള അതിർത്തിയായ മൂലെഹൊളെ വരെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളത്. ചാമരാജ് നഗർ കലക്ടർക്ക് നൽകിയ കത്തിലാണ് ബന്ദിപ്പൂർ കടുവ സങ്കേതം സബ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ എൻ.പി. നവീൻകുമാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
ആശങ്കയോടെ വ്യാപാര സമൂഹം
പച്ചക്കറി, പഴങ്ങൾ, കരിമ്പ് എന്നിവയുമായി പോകുന്ന വാഹനങ്ങൾ വനപാതയിൽ കാട്ടാനകൾ തടസ്സപ്പെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ ഈ നീക്കം. അടുത്തിടെ ഗുഡല്ലൂർ-ഊട്ടി റോഡിൽ കാരറ്റ് കയറ്റിവന്ന ലോറി ആന തടയുകയും, ഇത് മൊബൈലിൽ ചിത്രീകരിച്ച ഒരാളെ ആന ആക്രമിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഗുണ്ടൽപേട്ട്-ബത്തേരി വഴിയാണ് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്. മലപ്പുറത്തിനപ്പുറം എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് ചരക്കുകൾ എത്തുന്നത്. ഗുണ്ടൽപേട്ട് മാർക്കറ്റിൽ നിന്ന് മാത്രം പ്രതിദിനം നൂറിലധികം ലോഡ് പച്ചക്കറികളാണ് കയറ്റി അയക്കുന്നത്. ഇതിൽ 90% വും ഗുണ്ടൽപേട്ട്, തൃക്കണാമ്പി മാർക്കറ്റുകളിൽ നിന്നാണ്. പഴങ്ങൾ കൂടുതലും എത്തുന്നത് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ്. പുതിയ നിയന്ത്രണം വന്നാൽ ഈ മേഖലയിലെ മൊത്തവ്യാപാരത്തെയും ചില്ലറ വിൽപ്പനയെയും സാരമായി ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.





Leave a Reply