വയനാടിന്റെ വികസന ഭാവിക്ക് ദിശപാകിയ ബജറ്റ്: മന്ത്രി ടി.സിദ്ദിഖ്
കൽപ്പറ്റ: ജില്ലയുടെ വികസന ഭാവിക്ക് ദിശ പാകിയ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ – കാര്‍ഷിക മേഖലയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗോത്ര മേഖലയെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയതിന് തെളിവാണ് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കാനുള്ള തീരുമാനം. ഗോത്ര സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവ ലോകത്തിന് പരിചയപ്പെടുത്താനുള്ള വിപ്ലവകരമായ നടപടിയാണിത്. ഗോത്രസമൂഹത്തിന്റെ തദ്ദേശപരമായ അറിവ്, സംസ്‌കാരം എന്നിവ നില നിര്‍ത്താൻ വിശാലമായ ദിശാ ബോധം ബജറ്റില്‍ പ്രകടമാണ്. ഗോത്ര വിജ്ഞാന ഇടമായി സര്‍വകലാശാലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വയനാടിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഗവ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് പ്രാരംഭ നടപടിയ്ക്കായി രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൈസൂര്‍ – നഞ്ചന്‍കോട് പാത (നിലമ്പൂര്‍) നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടിയ്ക്കായി രണ്ട് കോടി രൂപയും വകയിരുത്തി. വയനാട് മെഡിക്കല്‍ കോളേജിന് പ്രത്യേക പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മൈസൂര്‍-നഞ്ചന്‍കോഡ്, പടിഞ്ഞാറത്തറ- പൂഴിത്തോട് ബദല്‍ പാത, സ്‌പൈസ് പാര്‍ക്ക്, കോഫി പാര്‍ക്ക് എന്നിവയ്ക്കുള്ള തുക വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഴവറ്റ-എഴാംചിറ റോഡ്,പാത്തിക്കല്‍ പാലം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി. പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റില്‍ പള്ളിക്കുന്ന് വെണ്ണിയോട് റോഡ്, കല്‍പ്പറ്റ ജില്ലാ ആസ്ഥാന ഔട്ടര്‍ റിങ്ങ് റോഡുകളുടെ വികസനത്തിനായി 15 കോടി രൂപ വിലയിരുത്തിട്ടുണ്ടെന്നും മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന ബജറ്റ്: മന്ത്രി ടി.സിദ്ദിഖ്
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാവാന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള നടപടികള്‍ കേരളത്തിന്റെ കാര്‍ഷിക ഭാവിക്ക് ഗുണകരമാകും. കര്‍ഷകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റ് കൂടിയാണിത്. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിൻ്റെയും ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് ഹരിത സഖി വനിതാ കാര്‍ഷിക വികസന പദ്ധതി പ്രഖ്യാപിച്ചത്. യു.എന്നിന്റെ വനിതാ കര്‍ഷക വര്‍ഷത്തിന്റെ ചുവടുപിടിച്ച് രൂപീകരിച്ച പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള തുടര്‍ പദ്ധതിയായിട്ടാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് 3.5 കോടി രൂപ പദ്ധതിക്കായി വകയിരുത്തി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ ആവിഷ്‌കരിച്ച കതിര്‍ പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തി. പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽ കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഭക്ഷ്യസുരക്ഷ യാഥാര്‍ത്ഥ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
റബ്ബറിന്റെ വിലയിടിവില്‍ നിന്നും കര്‍ഷകര്‍ക്ക് ആശ്വാസമാണ് താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ചത്. കാര്‍ഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാനും നടപ്പിലാക്കുന്ന കേര പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഭവ സമാഹരണം നടത്താന്‍ കഴിയും. എ.ഐ അധിഷ്ഠിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനക്ഷമത, വിപണനത്തിന്റെ കാര്യക്ഷമമായ വിനിയോഗം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവ സാധ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സുഗന്ധവ്യഞ്ജന കൃഷിക്കായുള്ള തുക 20 കോടി രൂപയായി വര്‍ധിപ്പിച്ചതിന്റെ പ്രയോജനം ഇടുക്കി, വയനാട് ജില്ലകള്‍ക്കുണ്ടാകും . മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖയിലും രണ്ടാം ഭൂ- പരിഷ്‌കരണ നയം പ്രഖ്യാപിച്ചതിലൂടെ വലിയ മുന്നേറ്റം കാര്‍ഷിക മേഖലയില്‍ നടപ്പാക്കാന്‍ കഴിയും. ബജറ്റില്‍ പ്രഖ്യാപിച്ച കേരള കാര്‍ബണ്‍ ഫാമിങ് ആന്‍ഡ് സോയില്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ തലത്തില്‍ പുതിയ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം. സോയില്‍ ഹെല്‍ത്ത് ഡാറ്റാബേസ് വിപുലീകരിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണം കാര്യക്ഷമമാക്കി അനിശ്ചിതത്വം പരിഹരിക്കുമെന്നും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.





Leave a Reply