ബജറ്റിൽ വയനാടിന് സമ്പൂർണ അവഗണനയെന്ന് സിപിഐ എം
കൽപ്പറ്റ: ജീവൽ പ്രശ്‌നങ്ങളൊന്നും തൊടാതെ ബജറ്റിൽ വയനാട് ജില്ലയെ പൂർണമായും അവഗണിച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ വർഷങ്ങളായി തുടരുന്ന വയനാട് പാക്കേജിന് തുക വകയിരുത്തിയിട്ടില്ലാത്ത ബജറ്റിൽ, മുണ്ടക്കൈ–ചൂരൽമല ദുരന്തപുനരധിവാസത്തിൽ നിലപാട് പറയാൻപോലും സർക്കാർ തയ്യാറായിട്ടില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുടരുമോയെന്നതിൽ വ്യക്തതയില്ലെന്ന് കുറ്റപ്പെടുത്തിയ പ്രസ്താവനയിൽ, വയനാട് മെഡിക്കൽ കോളേജിനെ പൂർണമായും അവഗണിച്ചതായും മാനന്തവാടി അന്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനായി ഏറ്റെടുക്കുന്നതിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും വ്യക്തമാക്കി.
വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയിൽ– കള്ളാടി–മേപ്പാടി തുരങ്കപാതയെക്കുറിച്ച് ബജറ്റിൽ പരാമർശംപോലുമില്ല. കിഫ്‌ബിയിൽ തുക അനുവദിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവൃത്തി തുടങ്ങിയതെങ്കിലും കിഫ്‌ബി പ്രവർത്തനം അവസാനിപ്പിക്കുമെന്ന സൂചനയാണ് ബജറ്റിലുള്ളത്. ഇൗ സാഹചര്യത്തിൽ തുരങ്കപാതയുടെ ഭാവി തുലാസിലായിരിക്കുകയാണ്. തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞതെന്നും, ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബജറ്റിലെ മൗനമെന്നും സിപിഐ എം ആരോപിച്ചു. മറ്റു ചുരം ബദൽപാതകളും ബജറ്റിൽ അവഗണിച്ചിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒന്നരക്കോടി രൂപ അനുവദിച്ച് ഇൻവെസ്‌റ്റിഗേഷനും മറ്റു നടപടികളും പൂർത്തിയാക്കി, അലൈൻമെന്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടി ഡിപിആർ നടപടികളിലേക്ക് കടന്ന് ഏറെ മുന്നോട്ടുപോയ പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽപാതയുടെ തുടർച്ച ബജറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതിനായി ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല.
ഒരുമാസത്തിനിടെ രണ്ടുപേർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും രൂക്ഷമായ വന്യമൃഗപ്രതിരോധത്തിന് ബജറ്റിൽ പദ്ധതിയില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന് മൊത്തമായി വകയിരുത്തിയ തുകയിലും വെട്ടിക്കുറവുണ്ടായി. കാർഷിക, തോട്ടം, പട്ടികവർഗ മേഖലയെയും ടൂറിസം മേഖലയെയും പൂർണ്ണമായി അവഗണിച്ചു. കൃഷിമന്ത്രിയുടെ ജില്ലയായിട്ടും കാർഷിക മേഖലയിൽ പ്രത്യേകപദ്ധതികളൊന്നുമില്ല. ജില്ലയിൽനിന്ന് മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് എംഎൽഎമാർ വിജയിച്ചിട്ടും സന്പൂർണ അവഗണനയാണ് നേരിടേണ്ടി വരുന്നത്. തെരഞ്ഞെടുപ്പിൽ ജില്ലയ്ക്ക് നൽകിയ വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കാനുള്ള ചുവടുവയ്‌പുപോലും ബജറ്റിൽ ഉണ്ടായില്ലെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.





Leave a Reply