പടിഞ്ഞാറത്തറയിലെ എബിസി സെന്റര്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം
കല്‍പ്പറ്റ: തെരുവു നായകളെ ശാസ്ത്രീയമായി വന്ധ്യംകരിക്കുന്നതിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിക്കുന്ന എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. സെന്ററിലേക്ക് ആവശ്യമായ കുടിവെള്ളം, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമായാല്‍ പ്രവര്‍ത്തനമാരംഭിക്കാമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് യോഗത്തില്‍ അറിയിച്ചു.
പൊഴുതന ഗ്രാമപഞ്ചായത്തിലെ പി.എം.ജന്‍മന്‍ ഗുണഭോക്താക്കള്‍ക്ക് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം നല്‍കാന്‍ വനം വകുപ്പിന്റെ നിരാക്ഷേപപത്രം അനുവദിച്ചതായി സൗത്ത് വയനാട് ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. സുഗന്ധഗിരി പി.എച്ച്.സി കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപ അടങ്കലിലുള്ള ഒന്നാംഘട്ട പ്രവൃത്തിയുടെ ടെന്‍ഡന്‍ പൂര്‍ത്തിയാക്കി കരാറുകാരന് സെലക്ഷന്‍ നോട്ടീസ് നല്‍കിയതായും നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കടമാന്‍ തോട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ജില്ലാ കളക്ടറും കാവേരി പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേരണമെന്ന് എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത നിര്‍മ്മാണം വേഗത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ പാതയുടെ പ്രാഥമിക ഡി.പി.ആര്‍ തയ്യാറാക്കുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ജില്ലയുടെ തനത് പുഷ്പമായ കായമ്പൂ തൈ കൈമാറി. കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ.ഡി.എം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കമാലുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply