June 30, 2026

വയനാട് ഗവ.മെഡിക്കല്‍ കോളജ്: ലോകായുക്തയില്‍ സര്‍ക്കാരിനെതിരേ കേസ്

0
IMG_20251208_165250
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിനു സ്ഥിര നിര്‍മാണം നടത്തുന്നതില്‍ അനിശ്ചിതത്ത്വം തുടരുന്നതിനിടെ സര്‍ക്കാരിനും ആരോഗ്യ-കുടുംബക്ഷേമ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കുമെതിരേ ലോകായുക്തയില്‍ കേസ്. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.വി. ഗോകുല്‍ദാസാണ്

ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ കേസ് ഫയല്‍ ചെയ്തത്. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയുമായ അഡ്വ.വി.പി. എല്‍ദോ, അഡ്വ.എ.കെ. അബ്ദുള്‍സലാം, അഡ്വ.നിഷ എന്‍. ഭാസി എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സന്നദ്ധമായ ഭൂമിയില്‍ നടത്തുന്നതിനു സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം.

ഗവ.മെഡിക്കല്‍ കോളേജിന് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മടക്കിമലയില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തതാണ്. ഈ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ റോഡ് നിര്‍മാണം ഉള്‍പ്പെടെ നടത്തി. എന്നാല്‍ പിന്നീട് ഇല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടക്കിമലയിലെ ഭൂമിയില്‍ നിര്‍മാണം വേണ്ടെന്നുവയ്ക്കുകയും മാനന്തവാടിക്കടുത്ത് ഭൂമി കണ്ടെത്താന്‍ ശ്രമം തുടങ്ങുകയുമായിരുന്നു. മടക്കിമല ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് പ്രയോജനപ്പെടുത്താത്ത സാഹചര്യത്തില്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. വസ്തു തിരികെ ലഭിക്കുന്നതിനു ഉത്തരവ് സമ്പാദിച്ചു. എങ്കിലും ഭൂമി മെഡിക്കല്‍ കോളജിന് ഉപയോഗപ്പെടുത്തുന്നപക്ഷം വീണ്ടും സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ട്രസ്റ്റ് ഒരുക്കമാണ്. മെഡിക്കല്‍ കോളജിന് ആവശ്യമായ കെട്ടിടങ്ങള്‍ പണിയുന്നതിന് യോജിച്ചതാണ് മടക്കിമലയിലെ ഭൂമി. ഇവിടെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഗുണം ചെയ്യും. വേറെ ഭൂമി വിലയ്ക്കുവാങ്ങുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാരിന് ഒഴിവാകും.

മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കതോടതി മൂന്നു മാസത്തിനകം തീരുമാനം എടുത്ത് അറിയിക്കണമെന്ന് ജൂലൈ 14ന് സര്‍ക്കാരിനു നല്‍കി.

എന്നാല്‍ സമയപരിധിക്കുള്ളില്‍ പരാതിക്കാരെ കേള്‍ക്കാനോ തീരുമാനമെടുക്കാനോ സര്‍ക്കാര്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സാവകാശം ചോദിക്കുകയും ഹൈക്കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.

അതിനിടെ, മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. രക്ഷാധികാരി അഡ്വ.വി.പി. എല്‍ദോ ഉദ്ഘാടനം ചെയ്തു.എസ്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. കെ. വി. ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. സെയ്തലവി, അഡ്വ.എസ്.എ. നസീര്‍, ജോണി പാറ്റാനി, ഡോ.പി. ലക്ഷ്മണന്‍, കെ.എം. ഏലിയാസ്, ഇബ്രാഹിം കണിയാമ്പറ്റ, അഡ്വ.ഷിമായി മൂലങ്കാവ്, ബിജു പൂളക്കര, യാഷിന്‍ മേപ്പാടി, എ. ദേവകി എന്നിവര്‍ പ്രസംഗിച്ചു.

.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *