എല്‍ ഡി എഫ് ആരോപണങ്ങള്‍ ബ്രഹ്‌മഗിരി പേടിയില്‍ നിന്ന് ; തദ്ദേശ തെരഞ്ഞെടുപ്പ് ജനദ്രോഹ സര്‍ക്കാരിനെതിരായ വിധിയെഴുത്താവും: യു ഡി എഫ്
കല്‍പ്പറ്റ: യു ഡി എഫിനെതിരെ പച്ചക്കള്ളങ്ങള്‍ നിരത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള എല്‍ ഡി എഫ് നീക്കത്തിന് പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് , മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു ഡി എഫിന് മദ്യവും പണവുമൊഴുക്കി വോട്ടുപിടിക്കേണ്ട ആവശ്യമില്ല. എല്‍ ഡി എഫിന്റെ ഇത്തരത്തിലുള്ള പ്രസ്താവന വയനാട്ടിലെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ കാത്തിരിക്കുന്നത് കനത്ത പരാജയമായിരിക്കും.
വയനാട്ടില്‍ സി പി എമ്മിനും എല്‍ ഡി എഫിനും ബ്രഹ്‌മഗിരിപ്പേടിയാണ്. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്ന ബ്രാഹ്‌മാണ്ഡതട്ടിപ്പിനിരയായ നിക്ഷേപകര്‍ തന്നെ നേരിട്ട് ഇടതുമുന്നണിക്കെതിരെ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സി പി എം, ഇടതു അനുകൂലികളായ നിക്ഷേപകരെ വഞ്ചിച്ച പാര്‍ട്ടിക്കും, മുന്നണിക്കും എതിരായ ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറും. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ ഭരണസമിതിയുടെ ഒത്താശയോടെ നടന്ന തൊഴിലുറപ്പ് പദ്ധതിയാണ് മറ്റൊന്ന്. പ്രസ്തുത കേസില്‍ പിടിയിലായവര്‍ സി പി എമ്മിന്റെ പിന്‍വാതില്‍ നിയമനത്തിലൂടെ കയറിപ്പറ്റിയവരാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ പോലും തട്ടിപ്പ് നടത്തിയ സി പി എമ്മിനും എല്‍ ഡി എഫിനും തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കും.
വയനാടിന്റെ സ്വപ്‌നപദ്ധതികള്‍ ഒന്നൊന്നായി അട്ടിമറിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വയനാട് ഗവ. മെഡിക്കല്‍ കോളജെന്ന സ്വപ്‌നപദ്ധതിയെ തകര്‍ത്ത സര്‍ക്കാരാണിത്. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചില്ല. അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ ഒരു മെഡിക്കല്‍ കോളജില്‍ നിന്നും മറ്റൊരു മെഡിക്കല്‍ കോളജിലേക്ക് ഓടേണ്ട അവസ്ഥയാണുള്ളത്. ഭരണത്തിലേറിയിട്ട് ഒമ്പതര വര്‍ഷമായിട്ടും ചുരംബദല്‍പാത ഇന്നും പ്രാവര്‍ത്തികമായിട്ടില്ല. പ്രഖ്യാപനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നും ഇരുവരും കുറ്റപ്പെടുത്തി. വയനാട്-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത വയനാടിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ മറ്റൊരു പാതക്ക് വേണ്ടി ഏറെ മുന്നോട്ടുപോകുമായിരുന്ന ഈ പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് പാക്കേജ് ജനങ്ങളെ പറ്റിക്കാനുള്ള പ്രഖ്യാപനം മാത്രമായി ഒതുങ്ങി. വയനാടിന്റെ കാര്‍ഷികമേഖല സമാനതകളില്ലാതെ പ്രതിസന്ധിയില്‍ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായപദ്ധതികളും ഉണ്ടാകുന്നില്ല.
വയനാടിന്റെ അഭിമാനമായ ഗോത്രമേഖലയെ ഈ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. യു ഡി എഫ് സര്‍ക്കാര്‍ ഗോത്രജനവിഭാഗത്തിനായി നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കി. പട്ടികവര്‍ഗമന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ റോഡില്ലാത്തതിനാല്‍ രോഗിയായ വയോധികനെ ഉന്തുവണ്ടിയിലാണ് ചികിത്സക്ക് കൊണ്ടുപോകുന്നത്. വന്യമൃഗശല്യം പതിവായ അവിടെ ഗോത്രജനവിഭാഗങ്ങള്‍ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിലാണ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി നിരന്തരമായി സമരം ചെയ്യേണ്ടി വന്നു. ദുരന്തം നടന്നിട്ട് ഒന്നരവര്‍ഷമായിട്ടും അന്തിമ ഗുണഭോക്തൃലിസ്റ്റ് പോലും പുറത്തിറക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ യഥാസമയം ചികിത്സാചിലവും വാടകയും നല്‍കിയില്ല. ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസം പോലും ഈ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. ദുരന്തബാധിതര്‍ക്കായി ജനങ്ങള്‍ നല്‍കിയ 740 കോടി രൂപ ദുരിതാശ്വാസനിധിയില്‍ കിടക്കുമ്പോള്‍ പോലും അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമായി ഈ സര്‍ക്കാര്‍ അവരെ തെരുവിലിറക്കിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
സംസ്ഥാനസര്‍ക്കാരിന്റെ നികുതി ഭീകരതക്ക് നടുവിലാണ് ഇന്ന് ജനം ജീവിക്കുന്നത്. ഇനി കൂട്ടാന്‍ ഒന്നും ബാക്കിയില്ല. വൈദ്യുതിചാര്‍ജ്ജ് മൂന്ന് തവണ കൂട്ടിയെങ്കില്‍ കുടിവെള്ളത്തിനെയും ഈ സര്‍ക്കാര്‍ വെറുതെ വിട്ടില്ല. കെട്ടിട പെര്‍മിറ്റ് ചാര്‍ജ് ഉള്‍പ്പെടെ എന്തിനൊക്കെ കൂട്ടാനാവുമോ അതിനെല്ലാം വര്‍ധന വരുത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമല സ്വര്‍ണകൊള്ള ഉള്‍പ്പടെയുള്ള നിരവധിയായ അഴിമതികള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ഇതിനെല്ലാമുള്ള മറുപടി തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജനകീയകോടതിയില്‍ എല്‍ ഡി എഫിന് ചുട്ടമറുപടി ലഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി.





Leave a Reply