ചുരത്തില്‍ അടിയന്തര ക്രെയിന്‍ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം-ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗുരുതര ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ചുരത്തില്‍ അടിയന്തര ഗതാഗത ക്രമീകരണങ്ങളും, അത്യാധുനിക ക്രെയിന്‍ സംവിധാനവും ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എല്‍.എ കത്ത് നല്‍കി.
ദിവസേന മണിക്കൂറുകളോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നതോടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയും, പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്ടന്ന് ഉണ്ടാകുന്ന അപകടങ്ങളും, വാഹന തകരാറുകള്‍ ഉണ്ടാകുമ്പോഴും ഉടന്‍ ഇടപെടുന്നതിനായി, ശ്രീമതി എ. ഗീത വയനാട് ജില്ലാ കളക്ടറായിരുന്ന കാലത്ത് ക്രെയിന്‍ സംവിധാനമുള്‍പ്പെടെയുള്ള അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രധാന തീരുമാനം എടുത്തിരുന്നുവെന്നും, എന്നാല്‍ അതിന്റെ തുടര്‍ നടപടികള്‍ ഇതുവരെ സ്വീകരിക്കാത്തതാണ് നിലവിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ആശുപത്രി വാഹനങ്ങള്‍, അയ്യപ്പഭക്തരുടെ വാഹനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് നിലവില്‍ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നും, ഇതുവഴി ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓണകാലത്ത് ഒമ്പതാം വളവിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടല്‍ സംഭവത്തില്‍ ഉണ്ടായ ഏകോപനക്കുറവും അതുമൂലം വയനാട് ജില്ലയ്ക്ക് സംഭവിച്ച വലിയ നഷ്ടവും എം.എല്‍.എ കത്തില്‍ പരാമര്‍ശിച്ചു. ക്രിസ്മസ്പുതുവത്സര സീസണ്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അത്തരം സാഹചര്യം വീണ്ടും ആവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ലെന്നും എം.എല്‍.എ മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.





Leave a Reply