വയനാട് ജില്ലാ പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റാകും.
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റാകും. ഭരണകാലയളവിന്റെ രണ്ടാം പകുതി മുസ്‌ലിംലീഗിനു നല്‍കും. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു പദവികളും പാര്‍ട്ടികള്‍ വച്ചുമാറും. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ്, ലീഗ് ജില്ലാ നേതാക്കളുടെ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണ. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍, ബത്തേരി, മാനന്തവാടി നഗരസഭകള്‍, യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ എന്നിവയില്‍ അധ്യക്ഷ, ഉപാധ്യക്ഷ പദവികള്‍ പങ്കുവയ്ക്കുന്നതില്‍ അടുത്ത ദിവസം ചേരുന്ന കോണ്‍ഗ്രസ്, ലീഗ് ജില്ലാ നേതൃയോഗം അന്തിമ ധാരണയിലെത്തും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഏകദേശ ധാരണയിലെത്താനാണ് രണ്ടു പാര്‍ട്ടികള്‍ക്കും കഴിഞ്ഞത്.
17 ഡിവിഷനുകളാണ് വയനാട് ജില്ലാ പഞ്ചായത്തില്‍. ഇതില്‍ ഒമ്പതില്‍ കോണ്‍ഗ്രസും ആറില്‍ മുസ്‌ലിംലീഗുമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലൂം മുന്‍ കാലങ്ങളിലേതുപോലെ മുസ്‌ലിംലീഗുമായി പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ പാര്‍ട്ടി സന്നദ്ധമാകുകയായിരുന്നു.
വനിതയ്ക്ക് സംവരണം ചെയ്തതാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം. ഭരണത്തിന്റെ ആദ്യപകുതിയില്‍ പദവി ആര്‍ക്കു നല്‍കണമെന്നതില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല. ലിസി ജോസ്(തവിഞ്ഞാല്‍), ബീന സജി(പനമരം), ഗിരിജ കൃഷ്ണന്‍(മുള്ളന്‍കൊല്ലി), ഷീജ സതീഷ്(നൂല്‍പ്പുഴ), ജിനി തോമസ്(അമ്പലവയല്‍), ചന്ദ്രിക കൃഷ്ണന്‍(വൈത്തിരി) എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച വനിതകളാണ്. ഇതില്‍
ഗിരിജ കൃഷ്ണന്‍, ചന്ദ്രിക കൃഷ്ണന്‍, ഷീജ സതീഷ്, ജിനി തോമസ് എന്നിവരാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയില്‍. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ ഇവര്‍ക്കുവേണ്ടി ശക്തമായി രംഗത്തുണ്ട്. ഗിരിജ കൃഷ്ണനെ പ്രസിഡന്റാക്കണമെന്ന താത്പര്യത്തിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. മുള്ളന്‍കൊല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കാലാവധി പൂര്‍ത്തിയായ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റുമാണ് ഗിരിജ കൃഷ്ണന്‍. പട്ടികവര്‍ഗത്തിലെ കുറുമ സമുദായാംഗമാണ് ഇവര്‍. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മണ്ഡലങ്ങളില്‍നിന്നുള്ള കെപിസിസി, ഡിസിസി ഭാരവാഹികളില്‍ പലരും ഗിരിജയ്ക്കുവേണ്ടി ചരടുവലി നടത്തുന്നുണ്ട്. ചന്ദ്രിക കൃഷ്ണനുവേണ്ടി വാദിക്കുന്നവരും പാര്‍ട്ടിയുടെ ജില്ലാ നേതൃനിരയിലുണ്ട്. ഇടതുമുന്നണിക്ക് മേല്‍ക്കൈയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് മുട്ടിലില്‍നിന്നുള്ള ഗിരിജ ജയിച്ചുകയറിയത്. കാലാവധി പൂര്‍ത്തിയായ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയാണ് കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ അവര്‍.
അമ്പലവയല്‍ ഡിവിഷന്‍ പൊരുതിനേടിയ ജിനി തോമസിനു അധ്യക്ഷ പദവിക്കു അര്‍ഹതയുണ്ടെന്നു അഭിപ്രായപ്പെടുന്നവരും പാര്‍ട്ടിയില്‍ കുറവല്ല. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറിയുമാണ് ജിനി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഐഎന്‍ടിയുസിയിലെ ഒരു വിഭാഗവും ജിനിക്കുവേണ്ടി കരുനീക്കം നടത്തുന്നുണ്ട്. ഷീജ സതീഷ് കാലാവധി പൂര്‍ത്തിയായ നൂല്‍പ്പുഴ പഞ്ചായത്തിന്റെ പ്രസിഡന്റാണ്.
എം. സുനില്‍കുമാറും(കണിയാമ്പറ്റ), ടി. ഹംസയുമാണ്(മേപ്പാടി)മുസ്‌ലിംലീഗ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചവര്‍. ഇതില്‍ ടി. ഹംസയ്ക്കാണ് ആദ്യപകുതിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയില്‍ കൂടുതല്‍ സാധ്യത. പാര്‍ട്ടി കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമാണ് ഹംസ.
ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും(ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം), മൂന്ന് മുനിസിപ്പാലിറ്റികളില്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും 17 പഞ്ചായത്തുകളിലും ഭരണസമിതി രൂപീകരിക്കുന്നതിനു യുഡിഎഫിന് ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പനമരം ഒഴികെയുള്ളതില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസും ലീഗും പങ്കുവയ്ക്കുമെന്നാണ് വിവരം. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ടി.എസ്. ദിലീപ്കുമാറോ വര്‍ഗീസ് മുരിയന്‍കാവിലോ പ്രസിഡന്റാകും. ഇവരില്‍ ആരെ പദവിയില്‍ ഇരുത്തണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കാലാവധി പൂര്‍ത്തിയായ പുല്‍പ്പള്ളി പഞ്ചായത്തിന്റെ പ്രസിഡന്റുമാണ് പുല്‍പ്പള്ളിയില്‍നിന്നുള്ള ടി.എസ്. ദിലീപ്കുമാര്‍. പാടിച്ചിറ ഡിവിഷന്‍ വിജയിയാണ് വര്‍ഗീസ് മുരിയന്‍കാവില്‍. പാര്‍ട്ടി മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റാണ് ഇദ്ദേഹം.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം മുസ്‌ലിം ലീഗിലെ കെ.കെ. ഹനീഫ(പൊഴുതന) പ്രസിഡന്റാകുമെന്നാണ് വിവരം. മടക്കിമല ഡിവിഷനില്‍ വിജയിച്ച സലാം നീലിക്കണ്ടിയും പരിഗണനയിലുണ്ട്. പട്ടികവര്‍ഗ വനിതയ്ക്കു സംവരണം ചെയ്തതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി. മീനാക്ഷി രാമന്‍, ഉഷ വിജയന്‍ എന്നിവരാണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണനയില്‍. ബത്തേരിയില്‍ ബ്ലോക്ക്, മുനിസിപ്പല്‍ ഭരണസമിതി സാരഥ്യം പങ്കുവയ്ക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും ധാരണയില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. വനിതയ്ക്കു സംവരണം ചെയ്തതാണ് ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനാണ്. മുന്‍ വൈസ് ചെയര്‍മാന്‍ പ.വി. സെബാസ്റ്റ്യനാണ് ചെയര്‍മാന്‍ പദവിയില്‍ കൂടുതല്‍ സാധ്യത. പി.വി. ജോര്‍ജിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. വൈസ് ചെയര്‍മാന്‍ സ്ഥാനം ഒരു വര്‍ഷം മുസ്‌ലിംലീഗിനു നല്‍കും.
കല്‍പ്പറ്റ നഗരസഭ ഇടതുമുന്നണിയാണ് പിടിച്ചത്. പട്ടികവര്‍ഗത്തിനു സംവരണം ചെയ്തതാണ് ചെയര്‍മാന്‍ സ്ഥാനം. വൈസ് ചെയര്‍പേഴ്‌സണ്‍ പദവിക്കു സിപിഐ ഇടതുമുന്നണിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.





Leave a Reply