പൂഴിത്തോട് റോഡ്: സമര പ്രഖ്യാപനം ഇന്ന്
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നാലിന് പടിഞ്ഞാറത്തറയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും. റോഡിനുവേണ്ടി കര്‍മ സമിതി ഈ വര്‍ഷം സംഘടിപ്പിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ചടങ്ങില്‍ നടത്തും. വയനാടിനു മുതല്‍ക്കൂട്ടാകുന്ന റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് കര്‍മ സമിതി നടത്തുന്ന റിലേ സമരം നാലാം വര്‍ഷത്തേക്കു കടന്ന പശ്ചാത്തലത്തിലാണ് പരിപാടിയെന്നു കോ ഓര്‍ഡിനേറ്റര്‍ കമല്‍ ജോസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കാണ് സ്വീകരണം. കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ ശകുന്തള ഷണ്‍മുഖന്‍ സമര പ്രഖ്യാപനം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി മുഖ്യാതിഥിയാകും. കര്‍മ സമിതി റിപ്പബ്ലിക് ദിനത്തില്‍ ലക്കിടി മുതല്‍ അടിവാരം വരെ നടത്തുന്ന പദയാത്രയ്ക്കു ജില്ലയ്ക്കു പുറത്തുള്ളതടക്കം സംഘടനകളും കൂട്ടായ്മകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൂഴിത്തോട് ബദല്‍ റോഡിന്റെ പ്രാഥമിക ഡിപിആര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയാറാക്കി പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ചതായാണ് വിവരമെന്നും കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് വയനാടിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നാണ്. ചില പരിസ്ഥിതി സംഘടനകള്‍ മാത്രമാണ് ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനെതിരേ ഇതിനകം രംഗത്തുവന്നത്. താമരശേരി ചുരം ബദല്‍ പാതയായി 30 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണ് പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടര്‍നാട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. 1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തതാണ് റോഡ് പ്രവൃത്തി. പടിഞ്ഞാറത്തറയില്‍നിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈര്‍ഘ്യം. വനത്തിലൂടെ 8.25 കിലോമീറ്റര്‍ പാത നിര്‍മിക്കണം. ഇതിന് ഏകദേശം 52 ഏക്കര്‍ ഭൂമിയാണ് ആവശ്യം. റോഡ് പ്രവൃത്തിയില്‍ 70 ശതമാനം നേരത്തേ പൂര്‍ത്തിയായതാണ്. വിട്ടുകിട്ടാത്തതിനാല്‍ വനഭൂമിയില്‍ നിര്‍മാണം നടത്താനായില്ല. റോഡിന് ഉപയോഗിക്കുന്നതിനു പകരം 104 ഏക്കര്‍ സ്ഥലം പഞ്ചായത്തുകള്‍ വനം വകുപ്പിന് കൈമാറിയതാണ്. എന്നിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. റോഡിനായി വിട്ടുകൊടുക്കേണ്ടത് റിസര്‍വ് വനമാണെന്ന് വനം വകുപ്പ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതില്‍ ഭരണാധികാരികള്‍ ശുഷ്‌കാന്തി കാട്ടാത്ത സാഹചര്യത്തിലാണ് ജനകീയ കര്‍മ സമിതി മൂന്നു വര്‍ഷം മുമ്പ് റിലേ സമരം തുടങ്ങിയത്. ഇതിന്റെ ഫലമായാണ് ജില്ലാ വികസന സമിതി തീരുമാനം അനുസരിച്ച് പാതയില്‍ കുറ്റിയാംവയല്‍ മുതല്‍ സൗത്ത് വയനാട് വനം ഡിവിഷന്‍ അതിര്‍ത്തിയിലെ കരിങ്കണി വരെ റവന്യു, വനം, പൊതുമരാമത്ത്, കെഎസ്ഇബി ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ പരിശോധന നടന്നത്. റോഡില്‍ കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലും പരിശോധന നടന്നു. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടതനുസരിച്ച് വനംമന്ത്രി ഇടപെട്ടതോടെയാണ് പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നതടക്കം വനഭൂമിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ജിപിഎസ് സര്‍വേയ്ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. പാതയുടെ സാധ്യതാപഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിരുന്നു.
പൂഴിത്തോട് റോഡ് ബദല്‍പാത ഡിപിആറിന് ഡിസംബറോടെ ഭരണാനുമതിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കര്‍മ സമിതിക്കു ഉറപ്പുനല്‍കിയിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും ഭരണാനുമതി ലഭിക്കാത്തത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ടെന്ന് കര്‍മ സമിതി ഭാരവാഹികള്‍ പറഞ്ഞു. റോഡ് വിഷയത്തില്‍ ഉത്തരവാദപ്പെട്ടവരാരും ഇപ്പോള്‍ മനസ് തുറക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യാനിരിക്കയാണ്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ മഴക്കാലമാകും. ഇത് റോഡുമായി ബന്ധപ്പെട്ട് അധികാരികളുടെ ഭാഗത്തുണ്ടാകേണ്ട നീക്കങ്ങളെ ബാധിക്കുമെന്നാണ് കര്‍മ സമിതി കരുതുന്നത്.





Leave a Reply