ചുണ്ടേൽ സ്കൂളിൽ ഊർജ്ജ സംരക്ഷണ ശില്പശാലയും ചൂടാറാപ്പെട്ടി വിതരണവും നടത്തി
ചുണ്ടേൽ: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം, ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ ഊർജ്ജ സംരക്ഷണ ശില്പശാലയും സബ്സിഡി നിരക്കിലുള്ള ചൂടാറാപ്പെട്ടി വിതരണവും സംഘടിപ്പിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡെൻസി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫ്രാൻസിസ് സാറ്റോ, ദേശീയ ഹരിത സേന സ്കൂൾ കോഡിനേറ്റർ പി.ജെ. ജോമിഷ്, എം.കെ. രാജേന്ദ്രൻ, അഡോണിസ് ജോൺ, ശ്വേത റേയ്ച്ചൽ തുടങ്ങിയവർ സംസാരിച്ചു.
പാചകവാതകം ലാഭിക്കുന്നതിനായി പാതി വെന്ത ആഹാരം ചൂടാറാപ്പെട്ടിയിൽ വെച്ച് പൂർണ്ണമായി വേവിക്കാനും, പാകം ചെയ്ത ആഹാരസാധനങ്ങൾ ദീർഘനേരം ചൂടാറാതെ സൂക്ഷിക്കാനും സാധിക്കും. കൂടാതെ തണുത്ത വസ്തുക്കൾ തണുപ്പ് മാറാതെ സൂക്ഷിക്കാനും ഈ ഉപകരണം ഏറെ ഫലപ്രദമാണെന്ന് ശില്പശാലയിൽ വിശദീകരിച്ചു.
വീടുകളിൽ വൈദ്യുതി ലാഭിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും ശില്പശാലയിൽ ചർച്ച ചെയ്തു.സ്കൂൾ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.





Leave a Reply