വിദ്യാർത്ഥി സംഘർഷങ്ങൾ വർധിക്കുന്നു; അടിയന്തര തിരുത്തൽ നടപടികൾ അനിവാര്യം: കെസിവൈഎം മാനന്തവാടി രൂപത
മാനന്തവാടി: വയനാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടുത്തകാലത്തായി വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന സംഘർഷങ്ങളും ക്രൂരമായ മർദനമുറകളും അതവ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെസിവൈഎം മാനന്തവാടി രൂപത സിൻഡിക്കറ്റ് യോഗം വിലയിരുത്തി. പഠനവും സൗഹൃദവും വളർത്തേണ്ട പ്രായത്തിൽ വിദ്യാർത്ഥികളിൽ അക്രമ സ്വഭാവം വളരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അഭിപ്രായപ്പട്ടു.
വിദ്യാലയങ്ങളിലെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന ഇത്തരം സംഭവങ്ങളെ ലഘുവായി കാണാനാവില്ല. കുട്ടികൾക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും വലിയ സംഘർഷങ്ങളായി മാറുന്നത് തടയാൻ സ്കൂൾ അധികൃതരും നിയമ സംവിധാനങ്ങളും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശക്തമായ ഇടപെടൽ നടത്തണമെന്ന് കെസിവൈഎം ആവശ്യപ്പെട. സ്കൂളുകളിലെ കൗൺസിലിംഗ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങൾ തിരിച്ചറിയാൻ അധ്യാപകരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി.
ലഹരി മാഫിയകളുടെ സ്വാധീനമോ സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന തെറ്റായ പ്രവണതകളോ ഇത്തരം അക്രമങ്ങൾക്ക് പിന്നിലുണ്ടോ എന്നതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം. വിദ്യാർത്ഥികളിലെ പ്രശ്നങ്ങൾ വെറും അച്ചടക്ക നടപടികളിൽ മാത്രം ഒതുക്കാതെ, അവർക്ക് മാനസിക പിന്തുണയും ബോധവൽക്കരണവും നൽകുന്ന പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കണം. ഇതോടൊപ്പം സ്കൂൾ പരിസരങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
ഭാവിയുടെ പ്രതീക്ഷകളായ കുട്ടികൾ വഴിതെറ്റുന്നത് തടയാൻ സഭയും സമൂഹവും ഒരുപോലെ ജാഗ്രത പുലർത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. യുവതലമുറയെ മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമായ പാതയിലേക്ക് നയിക്കാൻ രൂപതാ തലത്തിൽ കർമപദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ, ട്രഷറർ നവീൻ പുലക്കുടിയിൽ, കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ റോസ് ടോം എസ്.എ.ബി.എസ്, സംസ്ഥാന സെനറ്റ് അംഗങ്ങളായ ടിജിൻ ജോസഫ് വെള്ളപ്ലാക്കൽ, ഡ്യൂണ മരിയ കിഴക്കേ മണ്ണൂർ, അമൽഡ തൂപ്പുങ്കര എന്നിവർ സംസാരിച്ചു.





Leave a Reply