യുഡിഎഫിന്റേത് നിഷേധാത്മക നിലപാട്; എം.വി. ഗോവിന്ദൻ
കല്‍പ്പറ്റ: സംസ്ഥാനത്ത് ക്രിയാത്മക പ്രതിപക്ഷമാകാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. എല്‍ഡിഎഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വികസനത്തേയും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും സഹായം നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുകയാണ് ചെയ്തത്. സ്വന്തം നിലയില്‍ പണം പിരിച്ച് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോള്‍ മൗനം പാലിക്കുന്നത് ക്രൂരതയാണെന്നും പിരിച്ച പണവും അതിനായി ഉപയോഗിച്ച ആപ്പും എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ഭവനനിര്‍മാണത്തിനെന്നു പറഞ്ഞ് മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയത് പാവങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് വെറും കാട്ടിക്കൂട്ടലാണെന്നും ഭരണഘടനാപരമായ അധികാരങ്ങളൊന്നും ഉപയോഗിക്കാതെ നിയമസഭയിൽ കോപ്രായം കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയില്‍ പോറ്റിയെ കേറ്റിയത് ആരാണെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും തിരിച്ചടിയുണ്ടാകുമെന്ന് കണ്ടപ്പോൾ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളിയായ ഒരാളെയും സംരക്ഷിക്കില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നതുമാണ് പാര്‍ട്ടിയുടെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദന് മരണാനന്തരം ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും പത്മ ബഹുമതി പ്രഖ്യാപിച്ചതിലുള്ള കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.





Leave a Reply