April 16, 2026

കാലിക്കറ്റ് സർവകലാശാല കലോത്സവം: നിവേദ് ഷാജിയും ആദർശ് രാജും കലാപ്രതിഭകൾ

0
IMG_20260217_103036
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാലാ സോണൽ കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വയനാട് സ്വദേശികളായ നിവേദ് ഷാജിയും ആദർശ് രാജും കലാപ്രതിഭ പട്ടം കരസ്ഥമാക്കി. എഫ് സോൺ കലോത്സവത്തിൽ കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ പി.ജി വിദ്യാർത്ഥിയായ നിവേദ് ഷാജിയാണ് കലാപ്രതിഭയായത്. ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തം, കേരളനടനം, കുച്ചിപ്പുടി എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് നിവേദ് ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. പുൽപ്പള്ളി മണൽവയൽ കൊമ്പനാൽ ഷാജി-ഷൈനി ദമ്പതികളുടെ മകനായ നിവേദ്, കലാമണ്ഡലം ഡോ. റെസി ഷാജിദാസിന്റെ കീഴിൽ നൃത്തം അഭ്യസിക്കുകയും നിലവിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.

 

അതേസമയം, ബി സോൺ കലോത്സവത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ ബി.എസ് സി വിദ്യാർത്ഥിയായ ആദർശ് രാജ് കലാപ്രതിഭ പട്ടം നേടി. പങ്കെടുത്ത ഏഴ് ഇനങ്ങളിലും പുരസ്‌കാരം നേടിയാണ് ആദർശ് ഈ നേട്ടം സ്വന്തമാക്കിയത്. ഓടക്കുഴൽ, ക്ലാർനെറ്റ്, ട്രിപ്പിൾ ഡ്രം, ചെണ്ട എന്നീ വ്യക്തിഗത ഇനങ്ങളിലും പാശ്ചാത്യ സംഘഗാനം, പൗരസ്ത്യ സംഘഗാനം, ഗാനമേള എന്നീ ഗ്രൂപ്പിനങ്ങളിലുമാണ് ആദർശ് സമ്മാനങ്ങൾ നേടിയത്. പനവല്ലി ഗവ. എൽ.പി സ്‌കൂളിലെ ടി.കെ സീമയുടെയും സി.ആർ ജയരാജന്റെയും മകനായ ആദർശ്, സ്കൂൾ തലത്തിലും സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആനന്ദ് രാജാണ് സഹോദരൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *