45-ാമത് റവന്യുജില്ലാ ശാസ്ത്രോത്സവത്തിന് മാനന്തവാടി ഒരുങ്ങി
മാനന്തവാടി: 45-ാമത് വയനാട് റവന്യുജില്ലാ ശാസ്ത്രോത്സവത്തിന് മാനന്തവാടി ഒരുങ്ങി. നവംബർ 6, 7 തീയതികളിൽ മാനന്തവാടി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്. ആദ്യദിവസം പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐ.ടി. മേള എന്നിവയും രണ്ടാംദിവസം സാമൂഹ്യശാസ്ത്രമേള, ശാസ്ത്രമേള എന്നിവയും നടക്കും. ആദ്യദിവസം വൈകിട്ട് നാലിന് ശാസ്ത്രനാടകവും അരങ്ങേറും.
ശാസ്ത്രോത്സവം നവംബർ 6-ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഉഷാ വിജയൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ മുഖ്യാതിഥിയാകും. സമാപനസമ്മേളനം ഏഴിന് വൈകിട്ട് അഞ്ചിന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 13 സബ് കമ്മിറ്റികളാണ് മേളയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സെമിനാർ, പ്രദർശനം, വാനനിരീക്ഷണം തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10.30-ന് ‘മാർക്കുകൾക്കും മെഡലുകൾക്കുമപ്പുറം’ എന്ന വിഷയത്തിൽ മെന്റൽ ഹെൽത്ത് എജ്യുക്കേറ്ററും കൗൺസിലിങ് സൈക്കോളജിസ്റ്റുമായ കൈലാസ് ബാലകൃഷ്ണൻ ക്ലാസെടുക്കും. ‘സ്ഫടിക വിസ്മയങ്ങൾ’ എന്ന പേരിൽ ഗ്ലാസിന്റെ ചരിത്രവും പ്രദർശനവും സംഘടിപ്പിക്കും. മാന്ത്രികനും മെന്റലിസ്റ്റുമായ മഹേഷ് ഫെയറി മോജോയുടെ മെന്റലിസം ഷോയും നടക്കും. തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പൽ എം.എം. ടോമി, വാനനിരീക്ഷകൻ കെ.ടി. ശ്രീവത്സൻ എന്നിവർ വാനനിരീക്ഷണത്തിന് നേതൃത്വം നൽകും.
ശനിയാഴ്ച രാവിലെ 10.30-ന് ‘ഓർമയിലെ നെല്ലറ’ എന്ന പേരിൽ ചെറുവയൽ രാമൻ അനുസ്മരണം നടത്തും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. കാർഷിക ശാസ്ത്രജ്ഞൻ സെയ്ദ് ഖനി ഖാൻ മുഖ്യാതിഥിയാകും. നെൽവിത്തുകളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് ഒരുക്കും.
‘മാറുന്ന വയനാട്, പങ്കിടുന്ന ഭാവി’ എന്ന വിഷയത്തിൽ വന്യജീവി ഫോട്ടോഗ്രാഫറും പ്രകൃതി നിരീക്ഷകനുമായ മുനീർ തോൽപ്പെട്ടി ദൃശ്യാവിഷ്കാരത്തിന്റെ സഹായത്തോടെ സംസാരിക്കും. വിനോദ് ചിത്രയുടെ ‘ഗോത്രായനം’ ഫോട്ടോപ്രദർശനം, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, എൻ.എസ്.എസ്. സ്റ്റാൾ എന്നിവയും മേളയുടെ ഭാഗമാകും.
ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ-കലാ-സാംസ്കാരിക സ്ഥിരംസമിതി അധ്യക്ഷൻ പി.വി.എസ്. മൂസ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും സംഘാടകസമിതി ജനറൽ കൺവീനറുമായ വി.എ. ശശീന്ദ്രവ്യാസ്, എം.ജി.എം. ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത്, സ്കൂൾ പ്രിൻസിപ്പലും സംഘാടകസമിതി ജോയിന്റ് ജനറൽ കൺവീനറുമായ മാത്യു സഖറിയ, പബ്ലിസിറ്റി കൺവീനർ കെ. അനൂപ്, പ്രവൃത്തിപരിചയമേള ജില്ലാ കൺവീനർ പി.വി. ബ്രിജിറ്റ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




Leave a Reply