August 10, 2026

പടച്ചവൻ നൽകിയ ‘വിശപ്പിന്റെ’ മനോഹര ഭാഷ

0
img-20260220-wa0139
By ന്യൂസ് വയനാട് ബ്യൂറോ

പകൽ വെളിച്ചം മാഞ്ഞുതുടങ്ങുമ്പോഴേക്കും പള്ളിമിനാരങ്ങളിൽ നിന്ന് ഉയരുന്ന വാങ്ക് വിളിക്കായി നാം കാത്തിരിക്കാറുണ്ട്. ദാഹിച്ചുണങ്ങിയ തൊണ്ടയും വിശന്നു തളർന്ന ശരീരവുമായി ഇരിക്കുമ്പോൾ, ആ നിമിഷം നമ്മെ പഠിപ്പിക്കുന്നത് ഒരു വലിയ പാഠമാണ്. അത് കേവലം ഒരു നേരത്തെ ഭക്ഷണത്തിനായുള്ള കാത്തിരിപ്പല്ല; മറിച്ച് ലോകത്തിന്റെ ഏതോ കോണിൽ ഒരു തള്ള വിരൽ വലിച്ചുകുടിച്ചു വിശപ്പടക്കുന്ന കുഞ്ഞിന്റെയും, ഒഴിഞ്ഞ പാത്രത്തിന് മുന്നിൽ കണ്ണീരോടെ ഇരിക്കുന്ന ഉമ്മയുടെയും ആത്മഗതങ്ങൾ തിരിച്ചറിയാനുള്ള നിമിഷമാണ്.

നമ്മുടെ വിശപ്പിനെ അല്ലാഹു വിശേഷിപ്പിച്ചത് ഒരു പരീക്ഷണമെന്ന നിലയ്ക്കാണ്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:
​”തീർച്ചയായും ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവയിൽ ചിലത് മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (ആ സന്ദർഭങ്ങളിൽ) ക്ഷമ കൈക്കൊള്ളുന്നവർക്ക് നീ സന്തോഷവാർത്ത അറിയിക്കുക.”
(സൂറത്തുൽ ബഖറ: 155)
​നമ്മുടെ മുന്നിലെ ഇഫ്താർ വേളയിലെ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ കാണുമ്പോൾ, ഈ വചനം ഹൃദയത്തിൽ തൊടണം. നമുക്ക് ഇന്ന് മഗ്രിബ് ആകുമ്പോൾ കഴിക്കാൻ ഭക്ഷണമുണ്ട്. എന്നാൽ ഈ പരീക്ഷണത്തിലൂടെ കടന്നുപോകുന്ന, നോമ്പ് തുറക്കാൻ പോലും വകയില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ ഈ ഭൂമിയിലുണ്ടെന്ന തിരിച്ചറിവാണ് യഥാർത്ഥ ‘തഖ്‌വ’ (ദൈവഭക്തി).

മറ്റുള്ളവരുടെ വിശപ്പറിയാത്തവന്റെ വിശ്വാസം അപൂർണ്ണമാണെന്ന് മുത്ത് നബി (സ) കർക്കശമായി പഠിപ്പിച്ചിട്ടുണ്ട്. ഇമാം ഹാകിം തന്റെ അൽ മുസ്തദ്റകിൽ രേഖപ്പെടുത്തിയ പ്രശസ്തമായ ഒരു ഹദീസ് ഇപ്രകാരമാണ്:
​”തന്റെ അയൽവാസി വിശന്നിരിക്കെ വയറു നിറച്ചുണ്ണുന്നവൻ എന്നിൽ പെട്ടവനല്ല.
( യഥാർത്ഥ സത്യവിശ്വാസിയല്ല).”
(അൽ മുസ്തദ്റക്-4/167)

കോഴിക്കോട്ടെ പഴയ തറവാടുകളിലൊക്കെ അയൽപക്കത്തേക്ക് ഇഫ്താർ വിഭവങ്ങൾ കൈമാറുന്ന മനോഹര പതിവ് കേവലം ഒരു ആചാരമല്ല.
ഈ ഹദീസിന്റെ പ്രായോഗിക രൂപമാണ്.
ജാതിയോ മതമോ നോക്കാതെ വിശക്കുന്നവന്റെ വയറ റിയുക എന്നതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന മാനവികത.

നമ്മുടെ നോമ്പ് വെറും പട്ടിണിയായി മാറരുത്.
വയറ് വിശക്കുമ്പോൾ മനസ്സ് നന്നാകണം.
അഹങ്കാരത്തിന്റെ പദവികളിൽ നിന്നിറങ്ങി പാവപ്പെട്ടവന്റെ കൂരയിലേക്ക് നമ്മുടെ മനസ്സ് ചെന്നെത്തണം.
നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയെക്കാൾ സുഗന്ധം ഉള്ളതാണെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
എന്തുകൊണ്ടായിരിക്കും ആ ഗന്ധത്തിന് ഇത്ര വലിയ പദവി നൽകിയത്?
അത് വിശപ്പിലൂടെ ഉടലെടുക്കുന്ന വിനയത്തിന്റെ സുഗന്ധ
മായതുകൊണ്ടാണ്.
ദുനിയാവിലെ വിശിഷ്ട സുഗന്ധം ആണല്ലോ കസ്തൂരി.
എന്നാൽ പടച്ചവന്റെ അടുക്കൽ നോമ്പുകാരന്റെ ശ്വാസത്തിന് അതിനേക്കാൾ പദവിയുണ്ട്.
ഇതിന്റെ ആന്തരാർത്ഥം പണ്ഡിതന്മാർ വർണ്ണിക്കുന്നത് ലോകർക്ക് അത് വെറുമൊരു വായ്നാറ്റമായി തോന്നിയേക്കാം.
എന്നാൽ അല്ലാഹുവിനെ സംബന്ധിച്ച് അത് തന്റെ അടിമ തനിക്ക് വേണ്ടി ദാഹവും വിശപ്പും സഹിച്ചതിന്റെ മനോഹര അടയാളമാണ്.
പടച്ചവന്റെ പ്രീതികാംക്ഷിച്ച് പകൽ മുഴുവൻ അന്ന പാനീയങ്ങൾ ഉപേക്ഷിക്കുന്ന നോമ്പുകാരന്റെ വായിൽ ഉണ്ടാകുന്ന മാറ്റം അല്ലാഹുവിന്റെ ദർബാറിൽ കസ്തൂരിയെക്കാൾ സുഗന്ധമുള്ള പരിമളമായി മാറുന്നു.
മനുഷ്യർ പുറംമോടി നോക്കി വിധിയെഴുതുമ്പോൾ
പടച്ചവൻ നോക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കും ആ ഹൃദയത്തിൽ നിന്ന് ഉറവെടുക്കുന്ന ത്യാഗത്തിലേക്കുമാണ്.
ആ ഗന്ധം സാക്ഷ്യം പറയുന്നത്,
നാഥാ….
നിനക്ക് വേണ്ടി ഞാൻ എന്റെ ഇഷ്ടങ്ങളെ ബലി കഴിച്ചു ” എന്ന മനോഹരമായ സത്യമാണ്.
വായ ഉണങ്ങുമ്പോഴും വയർ വിശക്കുമ്പോഴും
പുഞ്ചിരിയോടെ ഓർക്കുക – നമ്മുടെ ഈ അവസ്ഥ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും വലിയ സുഗന്ധമായി സ്വീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നമ്മുടെ ഇഫ്താർ സംഗമങ്ങൾ ആഡംബരത്തിന്റെ പ്രദർശന വേദികളാകാതിരിക്കട്ടെ.
ഒരു ഈത്തപ്പഴം കൊണ്ടെങ്കിലും മറ്റൊരാളുടെ വിശപ്പകറ്റാൻ നമുക്ക് കഴിയണം.
നോമ്പിന്റെ തളർച്ചയിൽ നമ്മളനുഭവിക്കുന്ന വിശപ്പിന്റെ ഭാഷ ലോകത്തിലെ സകല ദരിദ്രരുടെയും വേദനയോടുള്ള ഐക്യദാർഢ്യമായി മാറട്ടെ.

(ഇസ്മഈൽ സഅദി )

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *