February 25, 2026

മാനന്തവാടി നഗരസഭാ ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമപദ്ധതികൾക്കും ഊന്നൽ

0
IMG_20260225_210118
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: നഗരസഭയുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്കും ജനക്ഷേമ പരിപാടികൾക്കും മുൻഗണന നൽകിക്കൊണ്ട് 2026-27 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യനാണ് ബജറ്റ് അവതരിപ്പിച്ചത്. 195 കോടി രൂപ വരവും 193 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവനരഹിതർക്കായി ‘എന്റെ വീട്’ പദ്ധതി, സമ്പൂർണ്ണ കുടിവെള്ളത്തിനായി ‘തെളിനീർ അമൃത് 3.0’, റോഡ് വികസനത്തിനായി ‘സുഗമം’, നഗര സൗന്ദര്യവൽക്കരണത്തിനായി ‘സ്മാർട് മാനന്തവാടി’, തെരുവുവിളക്കുകൾക്കായി ‘ബ്രൈറ്റ് മാനന്തവാടി’ തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, കൺവെൻഷൻ സെന്റർ, ഓപ്പൺ സ്റ്റേഡിയം, പാർക്കിംഗ് പ്ലാസ, ഫ്ലൈ ഓവർ, നഗരസഭാ കാന്റീൻ എന്നിവ നിർമ്മിക്കും. ഐടി, ടൂറിസം മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിക്കാനും പൈതൃകനഗരം പദ്ധതി, കബനി നദീ ശുചീകരണം, കബനി സാംസ്കാരിക വീഥി, കാർഷിക പാർക്ക്, ഹൈഡ്രോപോണിക്സ് കൃഷി, സ്റ്റാർട്ട് അപ്പ് ഹബ് തുടങ്ങിയ നൂതന സംരംഭങ്ങൾ നടപ്പിലാക്കാനും ബജറ്റിൽ വകയിരുത്തലുണ്ട്.

 

കാർഷിക മേഖലയിൽ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകൾ, ഓർഗാനിക് വളനിർമ്മാണ യൂണിറ്റ്, കാർഷിക ചന്ത എന്നിവയും ആരോഗ്യരംഗത്ത് പുതിയ ഹെൽത്ത്-വെൽനസ് സെന്ററുകളും പാലിയേറ്റീവ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും. വിഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പ്രത്യേക പാർക്കും ഡേ കെയർ സെന്ററും, കിടപ്പുരോഗികൾക്കായി ‘സ്നേഹസ്പർശം’ ഭക്ഷണക്കിറ്റ് പദ്ധതിയും നടപ്പിലാക്കും. ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനൊപ്പം കുടുംബശ്രീ സൂപ്പർ മാർക്കറ്റുകൾ വഴി ആ മേഖലയെയും ശക്തിപ്പെടുത്തും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഡിവിഷൻ തലത്തിൽ ബോധവൽക്കരണ പരിപാടികളും കൗൺസിലിംഗും സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവർഗ വികസനം, മാലിന്യസംസ്കരണം (ദ്രവമാലിന്യ പ്ലാന്റിനായി 32 കോടി രൂപ), വിദ്യാഭ്യാസം, വനിതാ-യുവജന ക്ഷേമം എന്നിവയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. 30 വർഷത്തെ വികസനം മുന്നിൽ കണ്ടുള്ള മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരും കൗൺസിലർമാരും സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *