ബീനാച്ചി എസ്റ്റേറ്റ് വന്യജീവി വേട്ട: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ
ബത്തേരി: സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഉൾപ്പെട്ട ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീനാച്ചി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് സ്ഥിരമായി വന്യജീവി വേട്ട നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് പ്രതികളെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൊളഗപ്പാറ വാരിയത്ത് പറമ്പിൽ വീട് ബിജു വി.പി (45), വിനീഷ് വി.പി (40) എന്നിവരെയാണ് ബത്തേരി ജെ.എഫ്.സി.എം-1 കോടതി മുമ്പാകെ ഹാജരായതിനെ തുടർന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ബീനാച്ചി എസ്റ്റേറ്റിലും ഇവരുടെ വീടുകളിലും എത്തിച്ച് ഉദ്യോഗസ്ഥർ തെളിവെടുപ്പ് പൂർത്തിയാക്കി.
കഴിഞ്ഞ ഫെബ്രുവരി എട്ടിന് ബീനാച്ചി എസ്റ്റേറ്റ് പരിസരത്ത് വെച്ച് മധു ഒ.ബി, അനീഷ് എ എന്നിവർക്കൊപ്പം ചേർന്ന് പ്രതികൾ മുള്ളൻപന്നിയെ വേട്ടയാടി ഇറച്ചിയാക്കുന്നതിനിടയിൽ വനപാലകരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് സംഭവസ്ഥലത്ത് നിന്നും പിടിയിലായ മധു, അനീഷ് എന്നിവരിൽ നിന്ന് നാടൻ തോക്ക്, കത്തികൾ, വെടിമരുന്ന്, ഹെഡ് ലൈറ്റ്, മുള്ളൻപന്നിയുടെ ജഡം എന്നിവ കണ്ടെടുത്തിരുന്നു. സംഘത്തിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കെ.പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്, വിനീഷ് കുമാർ എൻ.വി, സൗമ്യ ബി എന്നിവരും ഉണ്ടായിരുന്നു.





Leave a Reply