‘ദുരന്തബാധിതർക്ക് 230 വീട് നിർമിക്കാൻ കോൺഗ്രസ് വാങ്ങിയ ഭൂമി ഇവിടെയാണ്’; ബെെക്ക് റാലിയുമായി ഡിവൈഎഫ്ഐ
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക് വീട് നിർമിക്കാനെന്നപേരിൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്ക് ബൈക്ക്‌റാലി നടത്തി വഴികാണിച്ച് ഡിവൈഎഫ്‌ഐ. കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽനിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ റാലി നടത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്കാ ഗാന്ധി വാദ്രയും ചേർന്ന് 53 ദിവസങ്ങൾക്ക് മുമ്പ് കല്ലിട്ട് മടങ്ങിയ ഭൂമിയിലേക്ക് കോൺഗ്രസ് തിരിഞ്ഞുനോക്കാത്തിനെ തുടർന്നായിരുന്നു വഴി കാണിക്കൽ സമരം.
കുന്നറ്റയിലെ മൺപാതയ്ക്ക് അരികിൽ വഴികാണിച്ച് ബാനറും സ്ഥാപിച്ചു. ‘ദുരന്തബാധിതർക്ക് 230 വീട് നിർമിക്കാൻ കോൺഗ്രസ് വാങ്ങിയെന്ന് പറയുന്ന മൂന്നര ഏക്കറിലേക്കുള്ള വഴി’ എന്ന് ബാനറാണ് സ്ഥാപിച്ചത്. ‘ഭൂമിക്കായി പണം പൂർണമായും കൊടുത്തിട്ടില്ലെന്നും’ എഴുതി ഓർമിപ്പിച്ചു.
ദുരന്തംവിറ്റ് കോടികൾ പിരിച്ച കോൺഗ്രസും യൂത്ത് കോൺഗ്രസും അവർ മറന്ന വാഗദാനവും വഴിയും ഡിവൈഎഫ്‌ഐ ഓർമിപ്പിക്കുകയാണെന്ന് വസീഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽപൊടിയിടാനായിരുന്നു കല്ലിടൽ നാടകം. ദുരന്തബാധിതർക്കായി 25 വീട് പ്രഖ്യാപിച്ച ഡിവൈഎഫ്ഐ 100 വീടിനുള്ള പണമാണ് കൈമാറിയത്. പ്രവർത്തകർ കൂലിപ്പണിയെടുത്തും ആക്രിപെറുക്കിവിറ്റും അധ്വാനിച്ച് 20 കോടിരൂപ സമാഹരിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് 230 വീടിനുള്ള പണമാണ് പിരിച്ചത്. വീടിന്റെ പ്രവൃത്തി തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കളവ് പറഞ്ഞു. ദുരന്തം കഴിഞ്ഞ് 20 മാസം പിന്നിട്ടിട്ടും ഒരുവീടിന്റെ പോലും പ്രവൃത്തി ആരംഭിക്കാത്തതിൽ ജനങ്ങളോട് ഇവർ മറുപടി പറയണമെന്നും വസീഫ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, പി സി ഷൈജു, ഷിജി ഷിബു, അർജുൻ ഗോപാൽ, എം രമേഷ്, പി ജംഷീദ്, എം കെ റിയാസ് തുടങ്ങിയവർ സംസാരിച്ചു. കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്ക് വഴി കാണിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ബാനർ സ്ഥാപിക്കുന്നു





Leave a Reply