April 25, 2026

ജനമൈത്രി പോലീസിന്റെ ‘ശുഭയാത്രാ സുരക്ഷിത യാത്ര’; ഡ്രൈവർമാർക്കായി ബോധവൽക്കരണ പരിപാടി ഊർജിതം

0
WhatsApp Image 2026-04-25 at 6.32.05 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വാഹനാപകടങ്ങൾ കുറക്കുന്നതിനായുള്ള വയനാട് ജനമൈത്രി പോലീസിന്റെ ‘ശുഭയാത്രാ സുരക്ഷിത യാത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഡ്രൈവർമാർക്കുള്ള പോലീസിന്റെ ബോധവൽക്കരണ പരിപാടി ഊർജിതം. ഗതാഗത സുരക്ഷക്ക് ഡ്രൈവർമാർക്കുള്ള നിർദേശങ്ങളടങ്ങിയ ലഘുപുസ്തകം ട്രാഫിക് എസ്.ഐ കെ. ഹരീഷ് കുമാറിന് നൽകികൊണ്ട് ജില്ലാ അഡി. എസ്.പി കെ.എസ്. ഷാജി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

മധ്യവേനലവധികാലമായതിനാൽ നിരത്തുകളിൽ തിരക്കേറുന്ന സമയമാണ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ജില്ലയിൽ വാഹന പരിശോധന നടത്തുന്ന സമയത്ത് ബൈക്ക്, ഓട്ടോ, ബസ്, മറ്റു ഹെവി വാഹനങ്ങൾ തുടങ്ങിയവയുടെ ഡ്രൈവർമാരെയും കാൽനടയാത്രക്കാരെയും പൊതുജനങ്ങളെയും ട്രാഫിക് നിയമങ്ങൾ, ഡിഫൻസീവ് ഡ്രൈവിങ് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായി ബോധവൽക്കരിച്ചു വരുന്നുണ്ട്. കൂടാതെ ഗതാഗത സുരക്ഷക്ക് ഡ്രൈവർമാർക്കുള്ള നിർദേശങ്ങളടങ്ങിയ ലഘുപുസ്തകവും വിതരണം ചെയ്തു വരുന്നു.

ജില്ലയിലെ പോലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് എല്ലാ ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാർക്കും ബോധവൽക്കരണം നൽകുകയും ലഘുപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജനമൈത്രി ജില്ലാ അസി നോഡൽ ഓഫിസർ കെ.എം. ശശിധരൻ, എസ്.ഐ കെ. സിദ്ധിഖ്, എ.എസ്.ഐ സി. രാജേഷ്, സി.പി.ഒ അർഷദ തുടങ്ങിയവർ പങ്കെടുത്തു.

ഈ മാസം ഇതുവരെ മാത്രം 90 വാഹനാപകടങ്ങൾ

ജില്ലയിൽ ഏപ്രിൽ മാസം 24-ാം തീയതി വരെ മാത്രം 90 വാഹനാപകടങ്ങൾ നടന്നു. രണ്ട് പേർ മരണപ്പെട്ടു. 75 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 36 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 343 റോഡപകടങ്ങൾ സംഭവിച്ചു. 25 പേർ മരണപ്പെട്ടു. 290 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 108 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. വാഹനപകടങ്ങൾ കുറക്കുന്നതിനായി എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ പോലീസ് അറിയിച്ചു. അവധിക്കാല വിനോദ യാത്രകളും, മറ്റു യാത്രകളും ഏറെയുള്ള സമയമായതിനാൽ ഡ്രൈവർമാർ നന്നായി ശ്രദ്ധക്കണം.

റോഡിന്റെ ഇടതുവശം ചേർന്ന് വാഹനമോടിക്കുക. മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക. ഇൻഡിക്കേറ്റർ അനാവശ്യമായി ഓൺ ചെയ്തു വണ്ടി ഓടിക്കരുത്. വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിർത്തുന്നതിനോ അൽപം മുമ്പേ തന്നെ സിഗ്‌നൽ നൽകുക. പിറകിൽ വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ച് അപകടമുണ്ടാവില്ലെന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവർടേക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൗകര്യപ്രദമായി പോകുവാൻ ആവശ്യമായ വഴിയുള്ളിടത്തുമാത്രമേ ഓവർടേക്കിങ് നടക്കാവു. വളവുകളിലും കവലകളിലും റോഡിന്റെ മുൻഭാഗം കാണുവാൻ സാധിക്കാതിരിക്കുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത്. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അപ്രതീക്ഷിതമായ അപകട സാധ്യത പോലും മുമ്പിൽ കണ്ടുവേണം വാഹനമോടിക്കുവാൻ. രാത്രിയിൽ എതിർവശത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ഡിംലൈറ്റ് ചെയ്തു കൊടുക്കണം. റോഡിന്റെ മദ്ധ്യഭാഗത്ത് തുടർച്ചയായ വരയുണ്ടെങ്കിൽ ആ വര ക്രോസ് ചെയ്യരുത്. ട്രാഫിക് സിഗ്‌നലുകൾ അനുസരിക്കുക. സീബ്രാ ക്രോസിങ്ങുകളിൽ കാത്തുനിൽക്കുന്ന കാൽനട യാത്രക്കാർക്ക് മുൻഗണന നൽകുക. തളർച്ചയുണ്ടെങ്കിൽ വാഹനം നിർത്തി വിശ്രമിച്ചശേഷം മാത്രം യാത്ര തുടരണമെന്നും പോലീസ് നിർദേശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *