നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി ടി സിദ്ദിഖിന്റെ ഇടപെടല്‍; മഴക്കാലത്തിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
കല്‍പ്പറ്റ: സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന്റെ ആദ്യ ഇടപെടല്‍. മഴ ശക്തമാകുന്നതിന് മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ നെല്ല് സംഭരണവും പൂര്‍ത്തിയാക്കാനും, കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം വേഗത്തില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ നെല്ല് സംഭരണത്തിലെ കാലതാമസം, കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം വൈകുന്നത് എന്നിവ സംബന്ധിച്ച് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൃഷി മന്ത്രി അധ്യക്ഷത വഹിച്ച സഹകരണ, ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക എത്രയും വേഗത്തില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും, നിലവിലുള്ള തടസങ്ങള്‍ പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അടിയന്തര തീരുമാനം കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി. മഴക്കാലത്തിന് മുമ്പ് കര്‍ഷകരുടെ മുഴുവന്‍ നെല്ലും സുരക്ഷിതമായി സംഭരിച്ച് കര്‍ഷകരെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. സംസ്ഥാനത്തെ നെല്‍കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ്, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.





Leave a Reply