June 15, 2026

പൂഴിത്തോട് – പടിഞ്ഞാറത്തറ പാത നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ജനകീയ കർമ്മ സമിതി

0
IMG_20260615_132131
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: താമരശ്ശേരി ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം. താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമ്മാണ പ്രവൃത്തികളും ഒരു വശത്ത് യാത്രക്കാരെ ശ്വാസം മുട്ടിക്കുമ്പോൾ, മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാവുന്നതും മരങ്ങളും മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യസംഭവമായി മാറുകയാണ്. മഴ ശക്തി പ്രാപിക്കുമ്പോൾ ദുരന്തവ്യാപ്തി ഏറാനിടയുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക ഡി.പി.ആറിന് (ഡി പി ആർ) ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതൊക്കെ നല്ലതാണെങ്കിലും സമയബന്ധിതമായ ഫയൽ നീക്കമാണ് ഈ വിഷയത്തിൽ അടിയന്തിരമായി ചെയ്യേണ്ടത്. മന്ത്രി ടി. സിദ്ധിഖിന്റെ ഈ വിഷയത്തിലുള്ള ഇടപെടലും പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഹനീയമാണ്. എന്നാൽ മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതുവരെ പാത സന്ദർശിക്കുകയോ സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾക്കും തരിയോട് ഫൊറോനാ വൈദിക സമ്മേളനത്തിനും യോഗം നന്ദി രേഖപ്പെടുത്തി. പാതയ്ക്കായുള്ള റിലേ സമരം ഇതിനകം 1260 ദിവസം പിന്നിട്ടുകഴിഞ്ഞു. യോഗത്തിൽ സാജൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. ആലിക്കുട്ടി സി.കെ, ബെന്നി മാണിക്കത്ത്, നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി. ഹുസൈൻ, തങ്കച്ചൻ നടക്കൽ, നാസർ സി.കെ, വിശ്വനാഥൻ വി.എസ് എന്നിവർ പ്രസംഗിച്ചു. അസീസ് കളത്തിൽ സ്വാഗതവും ബെന്നി കുറുമണി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *