വയനാട് ഹേമചന്ദ്രൻ കൊലക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
കൽപ്പറ്റ: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിനി ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസിനോട് തട്ടിക്കയറി. പ്രതിയെ വൈദ്യ പരിശോധന നടത്തി. കേസിലെ 6 പ്രതികളിൽ 5 പേര് നേരത്തെ പിടിയിലായിരുന്നു. വനത്തിൽ കുഴിച്ച് മൂടിയ നിലയായിരുന്നു ഹേമചന്ദ്രനെ കണ്ടെത്തിയിരുന്നത്.
അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, ലിബ, നൗഷാദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2024 മാർച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട്ടെ മായനാട്ടെ വാടക വീട്ടിൽ നിന്ന് കാണാതാവുന്നതും തുടർന്ന് കുടുംബം പരാതി നൽകുന്നതും. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്. ചേരമ്പാടി വനമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഹേമചന്ദ്രന്റേതെന്ന് തന്നെയെന്ന് തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മർദ്ദനമേറ്റ് ആണ് ഹേമചന്ദ്രന്റെ മരണമെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരുന്നു. ക്രൂരമായ മർദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാൽ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിൽ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.





Leave a Reply