ഭരണകൂട അനാസ്ഥയ്‌ക്കെതിരെ എകെഎസ് കൺവൻഷൻ; തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിച്ചു
കൽപ്പറ്റ: ആദിവാസികളുടെ ജീവനും ജീവിതവും ഇല്ലാതാക്കുന്ന ഭരണസംവിധാനങ്ങളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എകെഎസ് പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് കൽപ്പറ്റയിൽ കൺവൻഷൻ നടത്തിയത്. സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അവഗണനയിലും ചികിത്സ കിട്ടാതെയടക്കം ആദിവാസികൾ മരിക്കുന്ന സാഹചര്യമാണുള്ളത്. പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് മരിച്ച പതിനൊന്നുവയസ്സുകാരൻ മനുവിനെ ആശുപത്രിയിൽ എത്തിക്കാതിരുന്ന പൊലീസുകാർക്കെതിരെ ഒരുമാസമായിട്ടും നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പ് കുറ്റക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. 50 കിലോയുടെ വളച്ചാക്കുമായി വീണ് നട്ടെല്ലുപൊട്ടി ചികിത്സ കിട്ടാതെ മരിച്ച പൊൻകുഴി കാരപ്പൂതാടി കാട്ടുനായ്‌ക്ക ഉന്നതിയിലെ മാധവന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണം. അര്‍ബുദം ബാധിച്ച് മുഖത്ത് വ്രണംവന്ന തൃശിലേരിയിലെ ആദിവാസി വയോധികന് സർക്കാർ ആശുപത്രികളിൽനിന്ന് ചികിത്സ നിഷേധിച്ചതും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചതും ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്‌ചകളാണ്.
ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച പദ്ധതികൾ അട്ടിമറിച്ച് യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട 297 ഗോത്രവിഭാഗം മെന്റർ അധ്യാപകരെ അടിയന്തരമായി തിരിച്ചെടുക്കുകയും വിദ്യാർഥികളുടെ യാത്രാസൗജന്യം നടപ്പാക്കുകയും വേണം. മുത്തങ്ങ സമരത്തിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച ജോഗിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും, പൊലീസ്, എക്‌സൈസ്, വനം വകുപ്പുകളിലെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് സമാനമായി മറ്റുവകുപ്പുകളിലും നിയമനം നടത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രതാ നിയമത്തിലെ ഭേദഗതിയിലൂടെ ആദിവാസികളുടെ റേഷൻ വിഹിതം വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ അവസാനിപ്പിച്ച് എല്ലാ കുടുംബത്തിനും 35 കിലോ വീതം അനുവദിക്കണം.
എകെഎസ് ജില്ല പ്രസിഡന്റ് പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൽപ്പറ്റ ഏരിയ പ്രസിഡന്റ് സി. സതീഷ് അധ്യക്ഷനായി. ആദിവാസി ഭൂസമര സഹായസമിതി കൺവീനർ സി. കെ. ശശീന്ദ്രൻ, എ. വി. ദീപ, വി. സി. രവി, സതീഷ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ ഏരിയാ സെക്രട്ടറി സി. എം. സുമേഷ് സ്വാഗതവും സി. രാഹുൽ നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് എകെഎസിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും നടന്നു.





Leave a Reply