മീനങ്ങാടിയിൽ ‘കൂടും കിടാവും’ പദ്ധതിക്ക് തുടക്കം; ക്ഷീരമേഖലയിലൂടെ വയനാടൻ കർഷകർക്ക് പുതിയ പ്രതീക്ഷ
മീനങ്ങാടി: കാർഷിക പ്രതിസന്ധികൾ നേരിടുന്ന വയനാടിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാൻ യാക്കോബായ സഭ മലബാർ ഭദ്രാസന മെത്രാപോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസിന്റെ നേതൃത്വത്തിൽ പുതിയൊരു സാമ്പത്തിക-സാമൂഹിക പദ്ധതി ആരംഭിക്കുന്നു. ക്ഷീരമേഖലയിലൂടെ കർഷകരെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന മാതൃകാപരമായ ‘കൂടും കിടാവും’ പദ്ധതി നാളെ (ഓഗസ്റ്റ് 12) രാവിലെ 11-ന് മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഗീവർഗീസ് മാർ സ്റ്റേഫാനോസ് തിരുമേനി ഉദ്ഘാടനം ചെയ്യും.
മലബാർ ഭദ്രാസനത്തിലെ ‘കൂട് ചാരിറ്റി’യുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 അർഹരായ ക്ഷീരകർഷകർക്കാണ് അത്യുൽപാദന ശേഷിയുള്ള പശുകിടാങ്ങളെ സൗജന്യമായി വിതരണം ചെയ്യുന്നത്. കർഷകർക്ക് പരമാവധി പാലുൽപാദനം ഉറപ്പാക്കുന്നതിനായി തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് രോഗപ്രതിരോധശേഷിയും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ പശുകിടാങ്ങളെ എത്തിച്ചിട്ടുള്ളത്.
കർഷക പങ്കാളിത്തത്തോടെ നീണ്ടുനിൽക്കുന്ന ഒരു ‘സ്വയംപര്യാപ്ത കൈമാറ്റ മാതൃക’ (സസ്റ്റയിനബിൾ ചെയിൻ മോഡൽ ) ആയിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ ലഭിക്കുന്ന കിടാവിനെ കർഷകൻ കൃത്യമായി പരിപാലിച്ച് വളർത്തുകയും, ഈ പശു പ്രസവിക്കുമ്പോൾ ലഭിക്കുന്ന ആദ്യത്തെ കിടാവിനെ പദ്ധതിയിലേക്ക് തിരികെ നൽകുകയും വേണമെന്നതാണ് പ്രധാന നിബന്ധന. ഇങ്ങനെ തിരികെ ലഭിക്കുന്ന കിടാങ്ങളെ അടുത്ത ഘട്ടത്തിൽ മറ്റ് 50 അർഹരായ കർഷകർക്ക് കൈമാറും. സാമ്പത്തിക ബാധ്യതകളില്ലാതെ ദീർഘകാലം കൊണ്ട് ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് ഇതിന്റെ ആനുകൂല്യം എത്തിച്ചേരും.
പരമ്പരാഗത വിളകളുടെ വിലയിടിവ് മൂലം ബുദ്ധിമുട്ടുന്ന മലയോര കർഷകർക്ക് പ്രതിമാസം സ്ഥിരവരുമാനം ഉറപ്പാക്കാൻ ഈ പദ്ധതി വഴിയൊരുക്കും. ജില്ലയിലെ മൊത്തം പാലുൽപാദനം വർധിപ്പിക്കാനും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. ഒപ്പം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനും വലിയ മുതൽക്കൂട്ടാകുന്ന ഈ സംരംഭം മറ്റ് മലയോര മേഖലകൾക്കും അനുകരിക്കാവുന്ന മികച്ചൊരു ഗ്രാമവികസന മാതൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.





Leave a Reply