August 12, 2026

264ൽ ഒരാൾ മാത്രം വയനാടിന്; ജില്ലയോടുള്ള ആരോ​ഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം: യങ് ഡെമോക്രാറ്റ്സ്

0
WhatsApp Image 2026-08-12 at 8.34.38 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്ത് 264 ഡോക്ടർമാർക്ക് നിയമനം നൽകിയപ്പോൾ വയനാടിന് ഒരാളെ മാത്രം അനുവദിച്ച ആരോഗ്യ വകുപ്പിന്റെ നടപടി വയനാടിനെ അപമാനിക്കുകയും വയനാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ആരോഗ്യ മേഖലയിൽ പ്രത്യേക പരിഗണന ആവശ്യമായ ജില്ലയെ വീണ്ടും തഴയുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നും ആരോ​ഗ്യവകുപ്പിന്റെ നിലപാട് തിരുത്തണമെന്നും യങ് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാനത്താകെ 264 ഡോക്ടർമാർക്ക് നിയമനം നൽകിയപ്പോൾ വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരൊറ്റ നിയമനം മാത്രമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി നിയമിക്കപ്പെട്ട വ്യക്തി പി.ജി. വിദ്യാർത്ഥിയായിരുന്നു, പഠനം തുടരാൻ തീരുമാനിച്ചാൽ ഈ ഏക നിയമനത്തിന്റെ ആനുകൂല്യം പോലും ജില്ലയ്ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. മറ്റ് ജില്ലകളിൽ പത്തും ഇരുപതും അതിലധികവും ഡോക്ടർമാരെ നിയമിച്ച് ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുമ്പോഴാണ് വയനാടിനെ സർക്കാർ നിഷ്കരുണം തഴയുന്നത്.

തുടർച്ചയായ പ്രകൃതിദുരന്തങ്ങൾ, വന്യജീവി ആക്രമണങ്ങൾ, ചുരത്തിലെ അപകടങ്ങൾ, വലിയ ആദിവാസി ജനസംഖ്യ എന്നിവ കാരണം പ്രത്യേക ആരോഗ്യ പരിഗണന ആവശ്യമുള്ള ജില്ലയാണ് വയനാട്. എന്നിട്ടും ഡോക്ടർ നിയമനത്തിൽ ജില്ലയെ അവഗണിക്കുന്നത് ക്രൂരമായ സമീപനമാണ്. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ സാധാരണ രോഗികൾ പോലും ദുരിതമനുഭവിക്കുകയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് പോലും അയൽ ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

വയനാട്ടിലെ ഡോക്ടർ തസ്തികകളും രോഗികളുടെ എണ്ണവും ആരോഗ്യ ആവശ്യകതകളും അടിയന്തരമായി പുനഃപരിശോധിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *