ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിലേക്ക് മാറാൻ അവസരം നൽകണം: കെ.എസ്.ടി.സി.
കൽപ്പറ്റ: പ്ലസ് വണ്ണിന് ഇതുവരെ പ്രവേശനം ലഭിക്കാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്വാഗതാർഹമാണെങ്കിലും നിലവിൽ അഡ്മിഷൻ എടുത്തിരിക്കുന്നവരുടെ പ്രശ്നങ്ങൾ ഇതോടൊപ്പം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവർക്ക് താല്പര്യമുള്ള ഹ്യൂമാനിറ്റീസ് പോലുള്ള കോഴ്സുകളിൽ ഗോത്രവർഗ്ഗ സംവരണ വിഭാഗത്തിൽ ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്തതിനാൽ, താല്പര്യമില്ലാത്ത സയൻസ് അടക്കമുള്ള മറ്റു കോഴ്സുകളിൽ നിർബന്ധിതമായി പ്രവേശനം നേടേണ്ടി വന്നിരിക്കുകയാണ്. താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുകയും വൻതോതിലുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് അവർക്ക് താല്പര്യമുള്ള കോഴ്സുകളിലേക്ക് മാറുന്നതിനായി അവസരം നൽകണമെന്നും, വയനാടിന്റെ പിന്നാക്കാവസ്ഥയും ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിച്ച് പ്രശ്നത്തിന് പൂർണ്ണ പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. എ. സന്തോഷ് കുമാർ, പി. ജെ. ജോമിഷ്, സിജോയ് ചെറിയാൻ, പി. ആർ. ദിവ്യ, എ. വൈ. നിഷാല തുടങ്ങിയവർ സംസാരിച്ചു.





Leave a Reply