താൽകാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം: മാനന്തവാടി സപ്ലൈകോ ഡിപ്പോയിൽ സിപിഐ പ്രതിഷേധം
മാനന്തവാടി: സപ്ലൈകോ മാവേലി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, സൂപ്പർ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന താൽകാലിക ജീവനക്കാരെ യാതൊരു അറിയിപ്പും നൽകാതെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കത്തിനെതിരെ മാനന്തവാടി സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജർ ടി. സീമയുടെ ക്യാബിനിൽ സിപിഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഭരണകക്ഷി നേതാവിന്റെയും ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയുടെ ഫലമായാണ് വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ ദ്രോഹിക്കുന്ന നടപടിയുണ്ടാകുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
താൽകാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിടുന്നതിനെതിരെ 2015-ൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇത്തരം ഏകപക്ഷീയ നടപടിയെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. പല ഔട്ട്ലെറ്റുകളിലും തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുടെ ജോലിദിവസവും ശമ്പളവും വെട്ടിക്കുറച്ച് കൂടുതൽ ആളുകളെ തിരികിക്കയറ്റാനാണ് ശ്രമിക്കുന്നത്. യാതൊരു തൊഴിൽ നിയമങ്ങളും പാലിക്കാതെ, നോട്ടീസ് പോലും നൽകാതെ ജോലിക്ക് വരേണ്ടതില്ലെന്ന നിലപാടാണ് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും തൊഴിലാളി വിരുദ്ധ നിലപാടുകളുമായി അധികാരികളും വകുപ്പ് മന്ത്രിയും മുന്നോട്ടുപോകുകയാണെങ്കിൽ അതിശക്തമായ പ്രതിഷേധങ്ങൾക്കും സമരപരിപാടികൾക്കും നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധത്തിന് വി. കെ. ശശിധരൻ, നിഖിൽ പത്മനാഭൻ, കെ. കൃഷ്ണൻകുട്ടി, അഖിൽ, അജിനാസ്, സനൂപ്, മുഹമ്മദ് ബാവ എന്നിവർ നേതൃത്വം നൽകി.





Leave a Reply