കൽപ്പറ്റയിൽ ലഹരി വിരുദ്ധ കൊടുങ്കാറ്റ്; വാക്കത്തോൺ സംഘടിപ്പിച്ചു
കൽപ്പറ്റ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തൂഫാൻ’ ലഹരിവിരുദ്ധ വാക്കത്തോൺ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് ജില്ലാ പോലീസ് മേധാവി ടി. ദേവമനോഹർ ഐ.പി.എസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. അദ്ദേഹം കൊളുത്തി കൊടുത്ത ദീപശിഖയുമായി പര്യടനം നടത്തിയ വാക്കത്തോൺ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവി ലഹരിവിരുദ്ധ സന്ദേശം നൽകി.
ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, ജി.എച്ച്.എസ്.എസ് കാട്ടികുളം, ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, ഡോൺ ബോസ്കോ കോളേജ് ബത്തേരി, എൻ.എം.എസ്.എം ഗവ. കോളേജ് കൽപ്പറ്റ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, കരാട്ടെ, ജി.ജി കളരി സംഘത്തിന്റെ കളരിപ്പയറ്റ് എന്നിവ അരങ്ങേറി.
ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ. ജയരാജ്, മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, കെ.ജി. പ്രവീൺ കുമാർ, ടി. അഗസ്റ്റിൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥൻ, നാർക്കോട്ടിക് സെൽ ഐ.പി വി. സിജിത്, കൽപ്പറ്റ സി.ഐ എസ്.എച്ച്.ഒ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥർ, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ളവർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.




Leave a Reply