മാനന്തവാടിയിൽ ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോമും സെപ്റ്റംബർ 12-ന് ഉദ്ഘാടനം ചെയ്യും
മാനന്തവാടി: വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ സേവനം നടത്തുന്ന അന്താരാഷ്ട്ര കത്തോലിക്കാ വനിതാ സന്യാസിനി സമൂഹമായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച കോൺവെന്റിന്റെയും സീനിയർ ഹോമിന്റെയും ആശീർവാദവും ഉദ്ഘാടനവും സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം പുതിയ കോൺവെന്റും സീനിയർ ഹോമും ആശീർവദിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മാനന്തവാടി എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും.
1856-ൽ സ്വിറ്റ്സർലൻഡിൽ സ്ഥാപിതമായ ഹോളിക്രോസ് സന്യാസിനി സമൂഹം 1894 മുതൽ ഇന്ത്യയിലും സേവനരംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. പുതിയ സീനിയർ ഹോം പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ വയോജന പരിചരണ-സാമൂഹിക സേവന മേഖലയിൽ കൂടുതൽ കരുതലും പിന്തുണയും ലഭ്യമാകുമെന്ന് ഹോളിക്രോസ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ അർച്ചന പടിക്കര അറിയിച്ചു.





Leave a Reply