ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ
മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ തൊണ്ടർനാട് വില്ലേജിനെ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വനമേഖലകൾക്കൊപ്പം ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്ര പ്രദേശമാണ് തൊണ്ടർനാടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനാൽ തൊണ്ടർനാടിനെ പൂർണമായും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ അതിർത്തി ശാസ്ത്രീയമായി പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ടു.
കർഷകരുടെയും ആദിവാസി സമൂഹങ്ങളുടെയും നിയമപരമായ ഭൂമി, കൃഷി, ഉപജീവനം, വനാവകാശങ്ങൾ എന്നിവ സംരക്ഷിക്കണം. അതേസമയം അനധികൃത ക്വാറി, മണ്ണെടുപ്പ്, വനനശീകരണം, അശാസ്ത്രീയ നിർമാണം തുടങ്ങിയ പരിസ്ഥിതി നാശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
അന്തിമ വിജ്ഞാപനത്തിന് മുമ്പ് ഗ്രാമസഭകളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കി ഇഎസ്എ അതിർത്തി പുനർനിർണയിക്കണമെന്നും ഇതിനായി മണ്ഡലത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി സംഘടനകളും ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പോക്കർ തേറ്റമല അധ്യക്ഷത വഹിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി അബു സി.കെ., ജോയിന്റ് സെക്രട്ടറി മുഹമ്മദലി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മുത്തലിബ്, ഇ. ഉസ്മാൻ, വിവിധ ബ്രാഞ്ച് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.




Leave a Reply