മാനവരാശി നിലനിൽക്കുന്നിടത്തോളം ആയുർവേദത്തിന്റെ പ്രാധാന്യവും നിലനിൽക്കും”: ദേവമനോഹർ എസ് ഐപിഎസ്
കൽപ്പറ്റ: 2026 ലെ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രി, കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. ജില്ലാ പോലീസ് മേധാവി ദേവമനോഹർ. എസ് ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനവരാശി നിലനിൽക്കുന്നിടത്തോളം കാലം ആയുർവേദത്തിന്റെ പ്രാധാന്യവും നിലനിൽക്കുമെന്നും, ആയുർവേദം പ്രതിപാദിക്കുന്ന ജീവിതചര്യകൾ ഓരോരുത്തരും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും എസ്.പി. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ബ്രഹ്മമുഹൂർത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവന്റെ ഉത്ഭവത്തിലും അവസാനത്തിലുമുള്ള പഞ്ചമഹാഭൂതങ്ങളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടാതെ, ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മഹാനായ സുശ്രുത മഹർഷിയുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ (CMO) ഡോ. പ്രഷീല.കെ. ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശ്രീ. സാബു എസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീ. വിനോദ് എം.എസ് സീനിയർ സുപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസ് (ISM) ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് ശ്രീമതി രഞ്ചിത എൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനുകളിൽ ഡോ. ബിജുല ബാലകൃഷ്ണൻ ‘മാനസിക സമ്മർദ്ദ ലഘൂകരണം’എന്ന വിഷയത്തിലും, ഡോ. ലക്ഷ്മി എൻ. നായർ യോഗ സെഷനും നേതൃത്വം നൽകി.
പോലീസുകാർക്കിടയിലെ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രത്യേക എൻ.സി.ഡി (NCD – Non-Communicable Diseases) സ്ക്രീനിംഗും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പിന്റെ ഭാഗമായി നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ പരിശോധനയ്ക്കു ഡോ. അഞ്ജു ജി. ദാസ്, ഡോ. മാനസി നമ്പ്യാർ, ഡോ. അശ്വതി എസ്. നായർ എന്നിവർ നേതൃത്വം നൽകി. നിരവധി പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പിൽ പങ്കെടുത്ത് സേവനങ്ങൾ പ്രയോജനപ്പെടുത്തി.





Leave a Reply