‘ഓപ്പറേഷൻ തണ്ടർ’: രണ്ടു കിലോഗ്രാം കഞ്ചാവുമായി മൂപ്പൈനാട് സ്വദേശി പിടിയിൽ
കൽപ്പറ്റ: സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ രണ്ടു കിലോഗ്രാമോളം കഞ്ചാവുമായി യുവാവ് പിടിയിലായി. വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ മേപ്പാടി തിനപുരം ഭാഗത്ത് പിലാക്കൽ വീട്ടിൽ സിറാജ് വി. കെ. (43) ആണ് അറസ്റ്റിലായത്. വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം. കെ.യുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മേപ്പാടി തിനപുരം ടൗണിൽ വെച്ചാണ് സംഭവം. KL 13 P 1049 നമ്പർ മഹീന്ദ്ര ജീപ്പിൽ കടത്തുകയായിരുന്ന 1.858 കിലോഗ്രാം കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി നിരവധി കേസുകളിൽ പ്രതിയായ സിറാജിനെ എക്‌സൈസ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. കൽപ്പറ്റ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനാ സംഘത്തിൽ വയനാട് എക്‌സൈസ് ഇന്റലിജിൻസിലെ പ്രിവെന്റീവ് ഓഫീസർ അനീഷ് എ. എസ്., വയനാട് നാർകോട്ടിക് സ്‌ക്വാഡിലെ പ്രിവെന്റീവ് ഓഫീസർ രഘു വി., പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം. എ., സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് എം., വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായ് ടി. പി., സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ പ്രസാദ് കെ., മുനീർ ജെ. എന്നിവരും പങ്കെടുത്തു.




Leave a Reply