കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ടി. സിദ്ധിഖ്
കൽപ്പറ്റ: കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അവരെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ 150 കോടി രൂപ കർഷകത്തൊഴിലാളികൾക്കുള്ള അതിവർഷ ആനുകൂല്യമായി നൽകിത്തീർത്തതും കാർഷിക വികസന സമിതികളിലും കർഷക സമിതികളിലും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മുന്നോട്ടുപോകുന്നതും ഇതിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.കെ.ടി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ വെള്ളാക്കുഴി സ്വാഗതം ആശംസിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ചാർജുമായ പി.സി. രാധാകൃഷ്ണൻ, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ഷാജി ചുള്ളിയോട്, സുന്ദർരാജ് ഇടപെട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിവരാമൻ പാറക്കുഴി, സി.സി. തങ്കച്ചൻ, സെക്രട്ടറിമാരായ മുരുകേശൻ മാനന്തവാടി, പി. ലൈജി, സി. കുഞ്ഞഹമ്മദ്, സി.ഡി. തങ്കച്ചൻ, ഉണ്ണികൃഷ്ണൻ ആർ. തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റായി സുന്ദർരാജ് ഇടപെട്ടിയെയും കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റായി ആർ. ഉണ്ണികൃഷ്ണനെയും പടിഞ്ഞാറത്തറ മണ്ഡലം സെക്രട്ടറിയായി ശ്യാമ കെ.എസിനെയും സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. എല്ലാ നിയോജകമണ്ഡലങ്ങളിലും ഡി.കെ.ടി.എഫ് കൺവെൻഷനുകൾ നടത്താനും യോഗം തീരുമാനിച്ചു. ഷാജി മാനന്തവാടി യോഗത്തിൽ നന്ദി പറഞ്ഞു.




Leave a Reply