ഒൻപത് വർഷത്തിന് ശേഷം മാതാ അമൃതാനന്ദമയി മാനന്തവാടിയിൽ; ബ്രഹ്മസ്ഥാന മഹോത്സവം 30, 31 തീയതികളിൽ
മാനന്തവാടി: ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് മുഖ്യകർമികത്വം വഹിക്കാൻ മാതാ അമൃതാനന്ദമയി മാനന്തവാടിയിലെത്തും. 2001-ൽ മാതാ അമൃതാനന്ദമയി പ്രാണപ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവത്തിനായി ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാതാ അമൃതാനന്ദമയി സന്ദർശനം നടത്തുന്നത്. മാനന്തവാടിയിലെത്തുന്ന മാതാ അമൃതാനന്ദമയിയെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി ആചാരവിധിപ്രകാരം സ്വീകരിക്കും.
30-ന് രാവിലെ 10 മണിയോടെ വേദിയിലെത്തുന്ന മാതാ അമൃതാനന്ദമയിയെ പ്രമുഖ വ്യക്തികൾ ഹാരാർപ്പണം ചെയ്ത് സ്വീകരിക്കും. തുടർന്ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ നടക്കും. ഇതിനുശേഷം ഭക്തർക്ക് മാതാ അമൃതാനന്ദമയി നേരിട്ട് ദർശനം നൽകും. ടോക്കൺ സമ്പ്രദായത്തിലൂടെയായിരിക്കും ദർശനം നിയന്ത്രിക്കുക. 30, 31 തീയതികളിൽ രാവിലെ 6.30 മുതൽ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തുന്നവർക്ക് സമയക്രമം രേഖപ്പെടുത്തിയ ടൈം കാർഡുകൾ വിതരണം ചെയ്യും.
രണ്ട് ദിവസവും രാവിലെ 5.30 മുതൽ ശ്രീലളിതാ സഹസ്രനാമാർച്ചന ഉണ്ടായിരിക്കും. 30-ന് രാവിലെ ഏഴിന് രാഹുദോഷനിവാരണ പൂജയും 31-ന് രാവിലെ ഏഴിന് ശനിദോഷനിവാരണ പൂജയും നടക്കും. ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജയും മറ്റ് വിശേഷാൽ പൂജകളും നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാതാ അമൃതാനന്ദമയിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മഹോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകും. ഇരിപ്പിടങ്ങളിൽ തന്നെ മുഴുവൻ സമയവും കുടിവെള്ളം ലഭ്യമാക്കുന്നതിനൊപ്പം കാന്റീൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മാനന്തവാടിയിലെ മഹോത്സവത്തിനുശേഷം മൈസൂർ ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി മാതാ അമൃതാനന്ദമയി യാത്ര തിരിക്കും.
വാർത്താസമ്മേളനത്തിൽ ബ്രഹ്മ. ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മ. പൂജിതാമൃത ചൈതന്യ, എൻ. കെ. മന്മഥൻ, പി. കെ. സുധാകരൻ മേപ്പാടി, ഇ. കെ. ഗോപി എന്നിവർ പങ്കെടുത്തു.




Leave a Reply