October 26, 2026

നിസാർ വയനാട് മെഗാ ഷോ നവംബർ 20-ന് കൽപ്പറ്റയിൽ; ഷോയുടെ വരുമാനം കുടുംബത്തിന് കൈമാറും

0
WhatsApp Image 2026-10-26 at 8.11.48 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാ ഷോ’ നവംബർ 20-ന് വൈകിട്ട് ആറിന് കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോയിലൂടെ ലഭിക്കുന്ന വരുമാനം നിസാർ വയനാടിന്റെ കുടുംബത്തിന് കൈമാറുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിസാർ വയനാടിന്റെ അകാലവിയോഗം കലാലോകത്തിനും അദ്ദേഹത്തെ സ്നേഹിച്ചവർക്കും വലിയ നഷ്ടമാണ്. കുടുംബത്തിന്റെ തുടർന്നുള്ള ജീവിതത്തിന് താങ്ങാകുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കുടുംബത്തിന്റെ സംരക്ഷണത്തിനും കുട്ടികളുടെ പഠനച്ചെലവുകൾക്കും പിന്തുണ നൽകാൻ മെഗാ ഷോയിലൂടെ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

നാദിർഷാ, അനുശ്രീ, അബുസലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി, കണ്ണൂർ സീനത്ത്, രഹന തുടങ്ങിയ പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി എന്നിവരും പരിപാടിയിൽ സംബന്ധിക്കും.

മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ സംഘാടക പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടിക്കറ്റ് വിതരണം, സ്പോൺസർഷിപ്പ്, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പരിപാടിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. നിസാർ വയനാടിനെ സ്നേഹിച്ചവരും അദ്ദേഹത്തിന്റെ ഗാനങ്ങളെ നെഞ്ചിലേറ്റിയവരും കലാസാംസ്കാരിക പ്രവർത്തകരും വ്യാപാരികളും വ്യവസായികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് സംഘാടകസമിതി അഭ്യർഥിച്ചു.

ഒരു കലാകാരന്റെ ഓർമകൾക്ക് ആദരമർപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് കരുതലേകുകയും കുട്ടികളുടെ ഭാവിക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ജനകീയ കൂട്ടായ്മയായി മെഗാ ഷോയെ മാറ്റാനാണ് സംഘാടകരുടെ ശ്രമം.

സംഘാടകസമിതി ചെയർമാൻ യൂസഫ് വി.പി., കൺവീനർ താരിഖ് കടവൻ, ട്രഷറർ സി. രവീന്ദ്രൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബിനു ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ജയരാജ് ബത്തേരി, ബാവ ബത്തേരി, ഷെമീർ, നെയിം, സെമീർ സി.കെ., ഫർഷാദ്, സാലിഹ് പി.കെ., റഫീഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *