പഴശ്ശിരാജ കോളേജിൽ മലബാർ കുടിയേറ്റ ചിത്ര പ്രദർശനം സംഘടിപ്പിച്ചു
പുൽപ്പള്ളി: മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ മലബാർ കുടിയേറ്റ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കുടിയേറ്റ ചരിത്രത്തിന്റെ നേർക്കാഴ്ചയായ ഈ പ്രദർശനം സന്ദർശകർക്ക് വേറിട്ടൊരു അനുഭവമായി മാറി.
കുടിയേറ്റ കാലഘട്ടത്തിലെ അപൂർവ രേഖകളും ചിത്രങ്ങളുമായിരുന്നു പ്രദർശനത്തിന്റെ പ്രധാന ആകർഷണം. ആദ്യകാല കുടിയേറ്റ കർഷകർ, കുടിയേറ്റ വികസന സമിതികളുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ, പൊതുപണിയിടങ്ങൾ, കുടിയിറക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണം, പൊതുഗതാഗതത്തിന്റെ വളർച്ച എന്നിവ അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും 1946 മുതൽ കുടിയേറ്റ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പുസ്തകങ്ങളുടെ ശേഖരവും പ്രദർശനത്തിൽ ഒരുക്കിയിരുന്നു.
ചിത്ര പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ നിർവഹിച്ചു. ചടങ്ങിൽ ഗീത കുഞ്ഞികൃഷ്ണൻ, ഡോ. എം.ആർ. ദിലീപ്, ഫാ. തോമസ് മടുക്കുംമുട്ടിൽ, ഡോ. ജോഷി മാത്യു, മുബീർഷാ കെ.എം. എന്നിവർ പങ്കെടുത്തു.




Leave a Reply