മലബാർ കുടിയേറ്റം: ചരിത്ര സെമിനാറുമായി പഴശ്ശിരാജ കോളേജ്
പുൽപ്പള്ളി: മലബാർ കുടിയേറ്റത്തിലെ സ്ത്രീകളുടെ പങ്കും, അതിനോടൊപ്പം ഉയർന്നുവന്ന പരിസ്ഥിതിക വിഷയങ്ങളും കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ അഭിപ്രായമുയർന്നു. കുടിയേറ്റ മേഖലയിൽ സ്ത്രീകൾ അനുഭവിച്ച കഷ്ടപ്പാടുകളും അവരുടെ കഠിനാധ്വാനവും ചരിത്രത്തിൽ എവിടെയും കൃത്യമായി രേഖപ്പെടുത്താതെ പോയെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച പാലക്കാട് നെന്മാറ എൻ.എസ്.എസ്. കോളേജിലെ ഡോ. ദീപ കെ.എൻ. ചൂണ്ടിക്കാട്ടി.
കുടിയേറ്റത്തിന് മുന്നേ തന്നെ മലബാറിൽ വ്യാപകമായി വനനശീകരണം നടന്നിരുന്നു എന്ന് ഡോ. ചാക്കോ കളംപറമ്പിൽ, ഡോ. അനൂപ് തങ്കച്ചൻ എന്നിവർ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങളിൽ വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണകാലത്ത് റെയിൽവേ സ്ലീപ്പറുകളുടെയും കപ്പലുകളുടെയും നിർമ്മാണത്തിനായി ബ്രിട്ടീഷുകാരും മലബാറിലെ ജന്മിമാരും ചേർന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയിരുന്നുവെന്ന് ഇരുവരും പറഞ്ഞു. സെമിനാറിൽ ഡോ. കെ.കെ. സുനീഷ്, ഡോ. കെ.ടി. അഷ്റഫ്, ഫാ. തോമസ് തെരകം, സലീന എം., മുഹമ്മദ് ഫദിൽ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിന്റെ സമാപന സമ്മേളനം ഇന്ന് (05-11-2026) കോളേജ് മാനേജർ ബിഷപ്പ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും.




Leave a Reply