November 13, 2026

വയനാട്ടിലെ രണ്ട് കർഷകർക്ക് ദേശീയ സസ്യ ജനിതക സംരക്ഷക പുരസ്കാരം

0
WhatsApp Image 2026-11-13 at 7.52.17 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പരമ്പരാഗത വിളയിനങ്ങളുടെ സംരക്ഷണത്തിലെ മികച്ച സംഭാവനകൾക്ക് വയനാട്ടിലെ രണ്ട് കർഷകർക്ക് ദേശീയ അംഗീകാരം.
ന്യൂഡൽഹിയിലെ സസ്യ ഇനങ്ങളുടെയും കർഷകാവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരങ്ങളാണ് ഇവർക്ക് ലഭിച്ചത്. കേരള കാർഷിക സർവകലാശാലയാണ് ഇവരെ കണ്ടെത്തി ഇവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയത്.

2026 നവംബർ 12-ന് ന്യൂഡൽഹി ഐ.സി.എ.ആർ. കൺവെൻഷൻ സെന്ററിലെ സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര മുഖ്യാതിഥിയായിരുന്നു. അദ്ദേഹമാണ് പുരസ്കാരങ്ങൾ കൈമാറിയത്.

വയനാട് കൃഷി വിജ്ഞാന കേന്ദ്രം (KVK) രേഖപ്പെടുത്തിയ ശ്രീ. ബാബു എൻ.കെ.ക്ക് 2023-24 വർഷത്തെ പ്ലാന്റ് ജീനോം സേവ്യർ ഫാർമർ റിവാർഡ് ലഭിച്ചു. 1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തന്റെ നാലേക്കർ കൃഷിയിടത്തിൽ 39 ഇനം വാഴ, 11 ഇനം കിഴങ്ങുവർഗങ്ങൾ, 9 ഇനം ചേമ്പ്, 6 ഇനം ഇഞ്ചി, 4 ഇനം മഞ്ഞൾ, 3 ഇനം ചേന എന്നിവ അദ്ദേഹം സംരക്ഷിക്കുന്നു. കാച്ചിൽ, കൂവ, കൂർക്ക, മരച്ചീനി, മാവ്, പ്ലാവ്, പാഷൻ ഫ്രൂട്ട്, കമുക്, തെങ്ങ്, ഏലം, കുരുമുളക്, കാപ്പി എന്നിവയുടെ പരമ്പരാഗത ഇനങ്ങളും ഇവിടെയുണ്ട്. കാച്ചിലിന്റെ ജനിതക ശേഖരം ഗവേഷണത്തിനായി ഐ.സി.എ.ആർ.-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന് അദ്ദേഹം കൈമാറി. സർവകലാശാലയുടെ സീഡ് ജീൻ ബാങ്കിലേക്ക് വിത്തുകിഴങ്ങുകളും നൽകിയിട്ടുണ്ട്.

ശ്രീ. സൂരജ് സി.എസ്.ക്ക് 2024-25 വർഷത്തെ പ്ലാന്റ് ജീനോം സേവ്യർ ഫാർമർ റെക്കഗ്നിഷൻ ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 670 ജനിതക വിഭവങ്ങളുടെ വിപുലമായ ശേഖരം അദ്ദേഹം പരിപാലിക്കുന്നു. 104 ഇനം തക്കാളി, 23 ഇനം വഴുതന, 36 മുളക് ഇനങ്ങൾ, 32 ഇനം വാഴ, 15 നെല്ലിനങ്ങൾ, 17 കിഴങ്ങിനങ്ങൾ, 55 ഔഷധസസ്യങ്ങൾ, 58 വന്യ ഭക്ഷ്യ ഇലവർഗങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. പച്ചക്കറികൾ, പഴവർഗങ്ങൾ, സുഗന്ധവിളകൾ, അലങ്കാരച്ചെടികൾ എന്നിവയും ശേഖരത്തിലുണ്ട്. ഇലവർഗ പച്ചക്കറികളുടെയും സുഗന്ധവിളകളുടെയും ജനിതക ശേഖരം സ്വഭാവനിർണയത്തിനും പോഷകമൂല്യ പഠനത്തിനുമായി അദ്ദേഹം സർവകലാശാലയ്ക്ക് നൽകി. മുളക്, തക്കാളി, വഴുതന ഇനങ്ങൾ വെള്ളാനിക്കര കാർഷിക കോളേജിലെ ജനിതക-സസ്യപ്രജനന വിഭാഗത്തിന് ഗവേഷണത്തിനായും കൈമാറിയിട്ടുണ്ട്.

കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും പരമ്പരാഗത വിളയിനങ്ങൾ നിലനിർത്തുന്നതിലും കർഷകസമൂഹം വഹിക്കുന്ന നിർണായക പങ്കിന്റെ അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. തനത് സസ്യജനിതക വിഭവങ്ങളുടെ സംരക്ഷണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന കർഷകരെ കണ്ടെത്തുന്നതിനും അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനും അംഗീകാരം നേടിക്കൊടുക്കുന്നതിനും കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലും കൃഷി വിജ്ഞാന കേന്ദ്രങ്ങളും മുഖേന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *