എല്ലാ മനുഷ്യർക്കും ജമാഅത്തെ ഇസ്ലാമിയിൽ ഇടമുണ്ട് -എം.കെ മുഹമ്മദലി
പനമരം: എല്ലാ കാലത്തെയും തിന്മകളെ ഇല്ലാതാക്കാനും നന്മ സ്ഥാപിക്കാനുമായി വന്ന പ്രവാചകന്മാരുടെ ദൗത്യമാണ് ജമാഅത്തെ ഇസ്ലാമി പുതുകാലത്തു നിർവഹിക്കുന്നതെന്നു സംസ്ഥാന അസി. അമീർ എം.കെ മുഹമ്മദലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മാനന്തവാടി ഏരിയ സമ്മേളനം പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളും നേരിട്ട് അനുഭവിച്ചറിയുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അനീതി അനുഭവിക്കുന്ന സകല മനുഷ്യരുടെയും പോരാട്ടങ്ങൾക്കൊപ്പം ഈ സംഘടനയുണ്ട്. അവരുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രയത്നിക്കുന്നു. ജനസേവനപ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണന നൽകുന്നു. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു എല്ലാ മനുഷ്യരെയും നയിക്കുന്ന ജീവിത വ്യവസ്ഥയാണ് ഇസ്ലാം. അതു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും ലക്ഷ്യം. സമകാലിക സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന സംഘടനായാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ അടുത്തറിയുന്ന എല്ലാവരും അതിന്റെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയാണ്. ആശയപരമായി യോജിപ്പില്ലാത്തവർക്കുപോലും ഈ സംഘടനയിൽ ഒരിടമുണ്ട്. നന്മയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒത്തൊരുമിച്ചു പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡൻ്റ് ജാബിർ മാസ്റ്റർ കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. ‘സുഗന്ധമുള്ള ജീവിതം’ വിഷയം കോഴിക്കോട് സിറ്റി പ്രസിഡൻ്റ് ശിഹാബുദ്ദീൻ ഇബ്നു ഹംസ അവതരിപ്പിച്ചു. പാനൽ ചർച്ച ജില്ലാ സമിതി അംഗം പി. നുഹ്‌മാൻ നിയന്ത്രിച്ചു. ജില്ല പ്രസിഡൻ്റ് ടി.പി യൂനുസ് സമാപനം നിർവ്വഹിച്ചു. വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഒ.വി സഈദ ടീച്ചർ, ജില്ലാ സെക്രട്ടറി ജലീൽ കണിയാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ശർഫീന, സോളിഡാരിറ്റി ജില്ലാ സമിതിയംഗം ആർ.വി ശുഐബ് മുഹമ്മദ്, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആയിഷ ഹന്ന, എസ്.ഐ.ഒ ഏരിയ സമിതി അംഗം ആർ.വി മുഹമ്മദ് ഷക്കീബ് എന്നിവർ പങ്കെടുത്തു.സ്വാഗതസംഘം ജനറൽ കൺവീനർ അബ്ദുൽ നാസർ പി. സ്വാഗതവും ഏരിയാ സെക്രട്ടറി വി. ഉസ്മാൻ നന്ദിയും പറഞ്ഞു.




Leave a Reply