കടാശ്വാസ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം: കേരള കർഷക ഫെഡറേഷൻ
പുൽപ്പള്ളി: സംസ്ഥാന ഗവൺമെന്റിന്റെ കാർഷിക കടാശ്വാസ കമ്മീഷൻ കർഷകർക്ക് നൽകുന്ന ആനുകൂല്യത്തുക നിലവിലുള്ള രണ്ട് ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്തണമെന്ന് കേരള കർഷക ഫെഡറേഷൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി രൂപീകരണയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.ആനുകൂല്യം കാലോചിതമായി പരിഷ്കരിക്കണമെന്നും ഇതിനായി സംസ്ഥാന ഗവൺമെന്റ് അടിയന്തരമായി കൂടുതൽ പണം അനുവദിക്കാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ആനുകൂല്യം ലഭിച്ചിട്ടും മുഴുവൻ തുകയും ബാങ്കിൽ അടച്ച കർഷകർ കടാശ്വാസ കമ്മീഷൻ നൽകിയ തുകയ്ക്കായി ബാങ്കുകളിൽ കയറിയിറങ്ങുകയാണ്. കമ്മീഷൻ ഇളവ് നൽകിയ തുക ബാങ്കുകൾക്ക് കൈമാറാത്തതുകൊണ്ട് കർഷകരുടെ ആധാരം തിരിച്ചുനൽകാൻ ബാങ്കുകൾ വിസമ്മതിക്കുന്ന സാഹചര്യമാണുള്ളത്. ഈ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി സിറ്റിങ്ങുകൾ ഉടൻ പൂർത്തീകരിച്ച് സാധാരണ കർഷകർക്ക് ഗുണപരമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സജിത്ത് കളരിപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി ടി.കെ. ഭൂപേഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഷൈജു വി. കൃഷ്ണൻ, ജോസ് കെ. മാത്യു, ഷാജി പന്നിക്കാംതടത്തിൽ, ഷിബു ടി.എസ്, ജോർജ് തെക്കേമല, രാജൻ കെ.വി, സിബി കാട്ടാംകോട്ടിൽ, ഷൈലജ സുഗുണൻ എന്നിവർ സംസാരിച്ചു. സജിത്ത് കളരിപ്പാട്ട് പ്രസിഡന്റായും ജോസ് കെ. മാത്യു സെക്രട്ടറിയായും 14 അംഗ ഏരിയ കമ്മിറ്റി നിലവിൽ വന്നു.




Leave a Reply