November 17, 2026

കുട്ടികളുടെ സുരക്ഷയ്ക്ക് ജനകീയ പങ്കാളിത്തം; ‘സുരക്ഷിത ബാല്യം – വികസിത ഭാരതം’ പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി

0
IMG-20261117-WA0145
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവും വിവേചനരഹിതവുമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക സമീപനം വളർത്തിയെടുക്കുന്നതിനുമായി ദേശീയതലത്തിൽ ബാലസുരക്ഷാ കലക്ടീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സുരക്ഷിത ബാല്യം – വികസിത ഭാരതം’ പദ്ധതിയുടെ ഭാഗമായി വയനാട്ടിൽ പ്രാദേശിക ജനകീയ വിവരശേഖരണത്തിന് തുടക്കമായി.കുട്ടികളുടെ സംരക്ഷണം കേവലം സർക്കാർ സംവിധാനങ്ങളുടെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും കുടുംബം, വിദ്യാലയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുസമൂഹം എന്നിവയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നുമുള്ള കാഴ്ചപ്പാടിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികൾ അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും അവഗണനയ്ക്കും വിവേചനത്തിനും ഇരയാകാനിടയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും അവ സംഭവിക്കുന്നത് തടയുന്നതിനുള്ള ശക്തമായ ജനകീയ പ്രതിരോധ ശൃംഖല രൂപീകരിക്കുകയും ചെയ്യുന്നതിനാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. സംഭവങ്ങൾക്കുശേഷമുള്ള പ്രതികരണത്തേക്കാൾ അവ തടയുന്നതിനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കും സാമൂഹിക ജാഗ്രതയ്ക്കുമാണ് പദ്ധതിയുടെ ഊന്നൽ.പദ്ധതിയുടെ ആദ്യഘട്ട വിവരശേഖരണ പ്രവർത്തനങ്ങൾ ശിശുദിനമായ നവംബർ 14ന് ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ, നഗര പ്രദേശങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ച് കുട്ടികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ, സാമൂഹിക വെല്ലുവിളികൾ, വിവേചനങ്ങൾ, നിലവിലുള്ള സംരക്ഷണ സംവിധാനങ്ങളിലെ പരിമിതികൾ എന്നിവ തിരിച്ചറിയുകയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. ഇതിനായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ‘ക്ലൗഡ് എക്സർസൈസ്’ എന്ന ബാലസൗഹൃദപരവും നൂതനവുമായ പങ്കാളിത്ത രീതിയാണ് അവലംബിക്കുന്നത്.ജോയിന്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് (ജ്വാല), ബാലസുരക്ഷാ കലക്ടീവ് വയനാട് കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജനകീയ വിവരശേഖരണത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകൾ ക്രോഡീകരിച്ച് കുട്ടികളുടെ സുരക്ഷയും അവകാശസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ജനകീയ അജണ്ട തയ്യാറാക്കും. ഈ അജണ്ട ജനുവരി 26-ന് നടക്കുന്ന ഗ്രാമസഭകളിൽ അവതരിപ്പിച്ച് കുട്ടികളുടെ സുരക്ഷയും ക്ഷേമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിലും മുൻഗണനകളിലും ഉൾപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്തും.കുട്ടികളുടെ സംരക്ഷണ മേഖലയിൽ മുൻകാലങ്ങളിൽ ചൈൽഡ് ലൈൻ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിയ അനുഭവവും പ്രവർത്തനപരിചയവുമുള്ള സന്നദ്ധ സംഘടനകളെയാണ് ദേശീയതലത്തിൽ അതത് ജില്ലകളിലെ പദ്ധതിയുടെ നിർവഹണ പങ്കാളികളായി തിരഞ്ഞെടുത്തിട്ടുള്ളത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *