നിലപാടിന്റെ നിലനിൽപ്പിന് ‘നിലം’; മാനന്തവാടി മണ്ഡലം മുസ്‌ലിം ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി
മാനന്തവാടി: പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ സംഘടനാ സംവിധാനങ്ങളെ വാർത്തെടുക്കുന്നതിനായി മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന “നിലം” ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ മണ്ഡലം തല പൈലറ്റ് പരിപാടിക്ക് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചെറ്റപ്പാലം ശാഖയിൽ തുടക്കമായി. ശാഖയിലെ ഏറ്റവും മുതിർന്ന മുസ്‌ലിം ലീഗ് അംഗം തമറ്റാൻ പക്രൻ സാഹിബ് പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളന പരിപാടികൾക്ക് തുടക്കമായത്. സമ്മേളനത്തിന്റെ തീം സോങ്, ഡോക്യുമെന്ററി എന്നിവയുടെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വിവിധ കലാ-കായിക മത്സരങ്ങളും അനുബന്ധ പരിപാടികളും നടക്കും. ഇന്ന് (ചൊവ്വ) വൈകുന്നേരം നടക്കുന്ന സമ്പൂർണ്ണ ശാഖാ സമ്മേളനം സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി. മമ്മൂട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, പ്രഭാഷകൻ അസീം ചേമ്പ്ര എന്നിവർ പ്രസംഗിക്കും. ജില്ലാ, മണ്ഡലം ഭാരവാഹികൾ വിശിഷ്ടാതിഥികളാകുന്ന ചടങ്ങിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാർ, കൺട്രോൾ സമിതി അംഗങ്ങൾ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.2026 ഡിസംബർ 31-നകം മണ്ഡലത്തിലെ എല്ലാ ശാഖകളിലും പൂർത്തിയാകുന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനങ്ങൾ നവംബർ 22-ന് പനമരം, എടവക പഞ്ചായത്തുകളിലും നവംബർ 28-ന് തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലും നടക്കും. വിവിധ ഉദ്ഘാടന സമ്മേളനങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സാഹിബ്, അഡ്വ. പി.കെ. ഫിറോസ് എം.എൽ.എ, നൗഷാദ് മണ്ണിശ്ശേരി, ഫാരിഷ ടീച്ചർ, ജില്ലാതല മുസ്‌ലിം ലീഗ് – യൂത്ത് ലീഗ് നേതാക്കൾ, ക്യാമ്പയിൻ ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ക്യാമ്പയിനോടനുബന്ധിച്ച് ശാഖകളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് ഗൂഗിൾ ഫോം വഴി വിവരശേഖരണം നടത്തുകയും, മുസ്‌ലിം ലീഗിന്റെ ഭരണഘടനയും ചരിത്രവും ഉൾക്കൊള്ളുന്ന ഏകീകൃത മിനുട്സ് ബുക്ക് സമ്മേളനത്തിൽ വെച്ച് എല്ലാ ശാഖാ കമ്മിറ്റികൾക്കും കൈമാറുകയും ചെയ്യും.




Leave a Reply